
പുഷ്പ 2 വിന്റെ ബീഹാർ ഇവെന്റിലുണ്ടായ ജനത്തിരക്കിൽ വലിയ കാര്യമില്ലെന്ന് നടൻ സിദ്ധാർഥ്. ഇന്ത്യയിൽ ആളുകൾ കൂട്ടം കൂടുന്നത് വലിയ വിഷയമല്ല. കെട്ടിടം കെട്ടാൻ ഒരു ജെ. സി. ബി നിർത്തിയിട്ടാൽ പോലും ആളുകൾ കൂട്ടം കൂടും. ഇന്ത്യയിൽ കൂട്ടം കൂടുന്നതും ക്വാളിറ്റിയും തമ്മിൽ ഒരു ബന്ധവുമില്ല. അങ്ങനെ നോക്കിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വിജയിക്കേണ്ടതല്ലേ. എല്ലാവർക്കും കൂട്ടമുണ്ടല്ലോ. എന്റെയൊക്കെ കാലത്ത് അതിനെ ബിരിയാണി ക്വാട്ടർ പാക്കറ്റ് എന്നാണ് പറയുന്നതെന്ന് മദൻ കർക്കിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് പറഞ്ഞു. പുഷ്പ 2 വിന്റെ ബീഹാർ ഇവെന്റിലെ ജനത്തിരക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള മദൻ കർക്കിയുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ.
1000 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് 'പുഷ്പ 2'. സിനിമ സജീവമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടയിൽ റിലീസിന് മുൻപേ സിദ്ധാർഥ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സിദ്ധാർത്ഥിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലും ചർച്ച സജീവമാകുന്നുണ്ട്. മിസ് യു എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു നടൻ.
സിദ്ധാർഥ് പറഞ്ഞത്:
കൂട്ടം കൂടുന്നതെല്ലാം മാർക്കറ്റിങ്ങിന്റെ ഭാഗമാണ്. കൂട്ടം കൂടുന്നത് ഇന്ത്യയിൽ വലിയ പ്രശ്നമുള്ള കാര്യമല്ല. കെട്ടിടം കെട്ടാൻ ഒരു ജെ. സി. ബി നിർത്തിയിട്ടാൽ പോലും ആളുകൾ കൂട്ടം കൂടും. അതുകൊണ്ട് ബീഹാറിൽ ജനത്തിരക്കുണ്ടായത് വലിയ കാര്യമല്ല. വലിയ ഒരു ഗ്രൗണ്ടിൽ പരിപാടി ഓർഗനൈസ് ചെയ്‌താൽ ആളുകൾ കൂട്ടം കൂടും. അതിന് അവർക്ക് ഒരു പാട്ടും സിനിമയും ഉണ്ടായിരിക്കും. ഇന്ത്യയിൽ കൂട്ടം കൂടുന്നതും ക്വാളിറ്റിയും തമ്മിൽ ഒരു ബന്ധവുമില്ല. അങ്ങനെ നോക്കിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വിജയിക്കേണ്ടതല്ലേ. എല്ലാവർക്കും കൂട്ടമുണ്ടല്ലോ. എന്റെയൊക്കെ കാലത്ത് അതിനെ ബിരിയാണി ക്വാട്ടർ പാക്കറ്റ് എന്നാണ് പറയുന്നത്. ജനത്തിരക്കൊന്നും വലിയ കാര്യമല്ല. അങ്ങനെ നോക്കിയാൽ കയ്യടി കൂടുതൽ വാങ്ങുന്നവനെ നേതാവാക്കേണ്ടി വരും. കയ്യടി വാങ്ങാൻ വളരെ എളുപ്പമാണ്.