അടുത്തെത്താന്‍ കടമ്പകളേറെ, കഥ കേട്ടത് അരമണിക്കൂര്‍;ഇനി മോഹന്‍ലാലിനെ സമീപിക്കില്ല: സിബി മലയില്‍

അടുത്തെത്താന്‍ കടമ്പകളേറെ, കഥ കേട്ടത് അരമണിക്കൂര്‍;ഇനി മോഹന്‍ലാലിനെ സമീപിക്കില്ല: സിബി മലയില്‍

ദശരഥം സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ മോഹന്‍ലാലിനെ സമീപിച്ചെങ്കിലും പൂര്‍ത്തിയാക്കിയ തിരക്കഥ കേള്‍ക്കാതെ ഒഴിഞ്ഞുമാറിയെന്ന് സംവിധായകന്‍ സിബി മലയില്‍. 2016ല്‍ ഹൈദരാബാദില്‍ വച്ച് മോഹന്‍ലാലിനോട് സിനിമയുടെ ചുരുക്കം പറഞ്ഞു. അര മണിക്കൂറാണ് മോഹന്‍ലാല്‍ അനുവദിച്ചത്. മോഹന്‍ലാലിന്റെ അടുത്തേക്ക് എത്താന്‍ ഒരു പാട് കടമ്പകള്‍ കടക്കേണ്ടി വന്നതായും സിബി മലയില്‍. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കടമ്പകള്‍ കടക്കാനുള്ള മടി കാരണം ഇനി മോഹന്‍ലാലുമായുള്ള സിനിമക്ക് ശ്രമം നടത്തില്ലെന്നും സിബി മലയില്‍.

ഹേമന്ദ്കുമാറിന്റെ രചനയില്‍ കൊത്ത് എന്ന സിനിമയാണ് സിബി മലയിലിന്റേതായി ഇനി വരാനിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കൊത്ത്. ആസിഫലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

സിബി മലയില്‍ പറഞ്ഞത്

ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. നിരവധി പേര്‍ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹന്‍ലാലിനേയും സമീപിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാര്‍ എഴുതിയത്. എന്നാല്‍ മോഹന്‍ലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താന്‍ പറയാമെന്നും വേണു പറഞ്ഞു. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തില്‍ ഇറക്കും.

കഥയുടെ ചുരുക്കം ഞാന്‍ പറഞ്ഞു. 2016 ല്‍ ഹൈദരാബാദില്‍ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താന്‍ ഒരുപാടു കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. അതില്‍ എനിക്കു താല്‍പര്യമില്ല. ഹൈദരാബാദില്‍ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോള്‍ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂര്‍ത്തിയായിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്‌തെന്നു ഞാന്‍ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ലാല്‍ ഒഴിഞ്ഞു മാറി.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവുകളായ സിനിമയൊരുക്കിയ സംവിധായകന്‍ കൂടിയാണ് സിബി മലയില്‍. 1989ല്‍ കിരീടം, ദശരഥം, 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള,1991ല്‍ ധനം, ഭരതം. 92ല്‍ സദയം, കമലദളം. 1993ല്‍ ചെങ്കോല്‍, മായാമയൂരം. 2007ല്‍ ഫ്‌ളാഷ് ആണ് ഇരുവരും ഒടുവില്‍ ഒരുമിച്ചെത്തിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in