'ദേവദൂതൻ പരാജയപ്പെട്ടപ്പോൾ സിനിമ നിർത്തണോ എന്ന് ആലോചിച്ചിരുന്നു': സിബി മലയിൽ

siby malayil about devadoothan movie
siby malayil about devadoothan movie

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. ദേവദൂതൻ പരാജയപ്പെട്ടപ്പോൾ സിനിമ സംവിധാനം ചെയ്യുന്നത് നിർത്തണമെന്ന് പോലും ആലോചിച്ചിരുന്നതായി സിബി മലയിൽ. ഒരു വർഷത്തോളം തയ്യാറെടുപ്പ് നടത്തി പൂർത്തിയാക്കിയ ചിത്രമായിരുന്നു ദേവദൂതൻ. കരിയറിൽ ഏറ്റവും എഫർ്ട് എടുത്ത് ചെയ്ത ചിത്രമായിരുന്നു അത്. ദേവദൂതൻ വലിയ രീതിയിൽ പരാജപ്പെട്ടപ്പോൾ സിനിമ ചെയ്യണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിപ്പോയി. വലിയ പ്രതീക്ഷയോടെ ചെയ്ത സിനിമയുടെ പരാജയം അത്രമാത്രം തന്നെ തളർത്തിയിരുന്നു എന്ന് സിബി മലയിൽ. സിനിമ വിട്ടുപോകണോ ഇനി സിനിമ ചെയ്യണോ എന്നത് വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സിബി മലയിൽ. കൗമുദി മൂവീസിലാണ് പ്രതികരണം.

സിബി മലയിൽ മുമ്പ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞത്:

പരാജയപ്പെടുന്ന സിനിമകൾ നമ്മളെ വിഷമിപ്പിക്കാറുണ്ട്. വിജയിക്കണം എന്ന ആഗ്രഹത്തോടെയാണ് എല്ലാ സിനിമകളും ചെയ്യുന്നത്. എന്നാൽ പരാജയങ്ങൾ ഉണ്ടാകുമ്പോൾ വളരെ ചെറിയ സമയം കൊണ്ട് തന്നെ അതിജീവിക്കാറുണ്ട്. നല്ല സിനിമകൾ ചെയ്യുവാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരിക്കും. എന്നാലും ദേവദൂതന്റെ പരാജയം വല്ലാതെ തളർത്തിയിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്കും, സംഗീതത്തിനും, കാസ്റ്റിങ്ങിനും വേണ്ടി ഒന്നര വർഷത്തോളം അദ്ധ്വാനിച്ചിരുന്നു. സിനിമ തീയറ്ററുകളിൽ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. റിലീസിന് രണ്ട് ദിവസം മുൻപ് മിനിമം പ്രേക്ഷകരെ വെച്ച് മദ്രാസിൽ ഒരു ഷോ നടത്തിയിരുന്നു. സംവിധായകൻ രഞ്ജിത്തും സിനിമ കണ്ടിരുന്നു. അദ്ദേഹം സിനിമ കണ്ട് വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാൽ തീയറ്ററിൽ ആ സിനിമ പരാജയപ്പെട്ടു. കരിയറിൽ എന്നെ ഏറ്റവും കൂടുതൽ പിന്നോട്ടടിച്ച ഒരു പരാജയമായിരുന്നു.

ദേവദൂതന്റെ പരാജയത്തെ മറികടന്നത് ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നുവെന്നും സിബി മലയിൽ. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി വിളിച്ച് കലവൂർ രവികുമാറിന്റെ കഥയൊന്ന് കേട്ട് നോക്കൂ എന്നാണ് ആദ്യം പറഞ്ഞത്. ഒരു അച്ഛനും മകനും തമ്മിലുള്ള വിചിത്രമായ ബന്ധം ഇതിവൃത്തമായിരുന്ന രസകരമായ ത്രെഡ് ആണ് രവികുമാർ പറഞ്ഞത്. കഥ കേട്ടപ്പോൾ തിരക്കഥ പൂർത്തിയാക്കി നന്നായി വരികയാണെങ്കിൽ ആ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഇഷ്ടം എന്ന സിനിമ ചെയ്തതെന്നും സിബി മലയിൽ.

മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം.

വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ തീം.വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം.

Related Stories

No stories found.
logo
The Cue
www.thecue.in