
സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത് സ്വിച്ചിട്ട പോലെയാണെന്നും കണ്ട് പഠിക്കാൻ ബുദ്ധിമുട്ടാണെന്നും ശ്യാം മോഹൻ ദ ക്യു ഓൺ ചാറ്റിൽ പറഞ്ഞു. 'ഹെവനിൽ' മകനെ കുഴിച്ചിടുന്ന സീൻ എടുക്കുന്നതിന് മുന്നേവരെ സുരാജ് വെഞ്ഞാറമൂട് തമാശ പറഞ്ഞ് ഇരിക്കുകയായിരുന്നുവെന്നും, ഷോട്ടിന് സമയമായി എന്ന് പറഞ്ഞാൽ കഥാപാത്രമായി മാറുമെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു.
ശ്യാം മോഹന്റെ വാക്കുകൾ
സുരാജേട്ടനെ കണ്ട് പഠിക്കാൻ ബുദ്ധിമുട്ടാണ്. കാരണം പുള്ളി സ്വിച്ചിട്ട പോലെ അഭിനയിക്കുന്നൊരാളാണ്. ഒരു സീരിയസ് സീൻ ഷൂട്ട് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞാൽ ഒരു മണിക്കൂർ മുന്നേ നമ്മളൊക്കെ സീരിയസ് ആയി ഇരിക്കും. എന്നാൽ പുള്ളി അങ്ങനെയല്ല. ഷോട്ടിന് തൊട്ട് മുൻപ് വരെ 'അണ്ണാ, എന്തണ്ണാ' എന്നൊക്കെ തമാശ പറഞ്ഞിരിക്കും. ഹെവനിൽ മകനെ കുഴിച്ചിടുന്നൊരു സീനുണ്ട്. ആ സീനിന് തൊട്ട് മുന്നേ വരെ സുരാജേട്ടൻ അവിടെ നിന്ന് തമാശ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. ഞാൻ ആണെങ്കിൽ ചിരി കടിച്ച് പിടിച്ച് നിൽക്കായിരുന്നു. പെട്ടെന്ന് അപ്പുറത്ത് നിന്ന് 'സുരാജണ്ണ ഷോട്ട് റെഡി' എന്ന് പറഞ്ഞാൽ, അപ്പോൾ തന്നെ കഥാപാത്രമാകും. പക്ഷെ നമ്മുക്ക് മാറാൻ പറ്റില്ല. സുരാജേട്ടൻ പറഞ്ഞ തമാശ ആലോച്ചിച്ച് ചിരിക്കുകയായിരിക്കും നമ്മൾ. ആ സമയത്ത് നമ്മൾ ചിരിച്ചുകൊണ്ട് നിന്നാൽ നമ്മുക്ക് തെറി കേൾക്കും. സുരാജേട്ടനാണെങ്കിൽ ഓക്കേ ആയിട്ടുണ്ടാകും ഷോട്ട് തുടങ്ങുമ്പോൾ. അതുകൊണ്ട് സുരാജേട്ടനെ കണ്ട് പഠിക്കാൻ പറ്റില്ല.
ലൊക്കേഷനിൽ വെറുതെ ഇരിക്കുമ്പോൾ സുരാജേട്ടൻ തമാശ കഥാപാത്രങ്ങളിൽ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് എങ്ങനെയാണ് പെട്ടെന്ന് മാറിയത് എന്നൊക്കെ ചോദിച്ചിരുന്നു. അപ്പോൾ പുള്ളി പറഞ്ഞു തന്നത്, 'എടാ അഭിനയിക്കാതെ ഇരുന്നാൽ മതി. ആ സമയത്ത് എന്താണോ മനസ്സിൽ വരുന്നത് അത് ചെയ്‌താൽ മതിയെന്നാണ്'. അതിനോടൊപ്പം കണ്ണാടിയിൽ നോക്കി അഭിനയിക്കരുതെന്നും പറഞ്ഞു തന്നു. മൊത്തത്തിൽ സുരാജേട്ടനിൽ നിന്ന് കണ്ട് പഠിക്കാനുള്ളത് പുള്ളി മറ്റുള്ളവരോട് പെരുമാറുന്ന രീതിയാണ്. ജാഡയൊന്നും നമ്മളോട് കാണിച്ചിട്ടില്ല. ഇത്രയും സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റാണ്. ലൊക്കേഷനിൽ വരുമ്പോൾ നമ്മുടെ പുറത്ത് തട്ടിയിട്ടൊക്കെ പോകും.