മോശം പെരുമാറ്റത്തിന് കാരണം സിനിമകള്‍ വിജയിച്ചപ്പോള്‍ ഉണ്ടായ അഹങ്കാരം: പൊറുക്കണമെന്ന് ഷൈന്‍ ടോം ചാക്കോ

മോശം പെരുമാറ്റത്തിന് കാരണം സിനിമകള്‍ വിജയിച്ചപ്പോള്‍ ഉണ്ടായ അഹങ്കാരം: പൊറുക്കണമെന്ന് ഷൈന്‍ ടോം ചാക്കോ

ഭീഷ്മപര്‍വ്വം, കുറിപ്പ് എന്നീ സിനിമകളുടെ വിജയത്തെ തുടര്‍ന്നുണ്ടായ അഹങ്കാരമാണ് തന്റെ കുറച്ച് കാലമായുള്ള മോശം പെരുമാറ്റത്തിന് കാരണമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന എനര്‍ജിയുണ്ട്. അതില്‍ നിന്നുണ്ടായ അഹങ്കാരം കൊണ്ട് കാട്ടിക്കൂട്ടിയതാണ്. അതിന് പൊറുക്കണമെന്നും ഷൈന്‍ പറയുന്നു. തല്ലുമാല ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു പ്രതികരണം.

ഷൈന്‍ ടോം ചാക്കോ പറഞ്ഞത്:

കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാരണം കുറുപ്പ് ഭീഷ്മപര്‍വ്വം എന്നീ സിനിമകള്‍ വളരെ അധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു അഹങ്കാരം. അതുകൊണ്ടൊക്കെയാണ് ഇങ്ങനെയൊക്കൊ സംസാരിച്ചത്.

നമ്മള്‍ ചെയ്‌തൊരു വര്‍ക്ക് ആളുകളിലേക്ക് എത്തുകയും ആളുകള്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു എനര്‍ജിയുണ്ട്. അത് നിങ്ങള്‍ തന്നെ തരുന്ന ഒരു എനര്‍ജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അത് മൂലം ഉണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ് എല്ലാവരും പൊറുക്കണം.

അതേസമയം തല്ലുമാല ആഗസ്റ്റ്‌ 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. മുഹ്സിൻ പരാരിയും അഷറഫ് ഹംസയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആഷിഖ് ഉസ്മാനാണ് നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ലുക്മാൻ അവറാൻ, ബിനു പപ്പു തുടങ്ങിയവരാണ് 'തല്ലുമാലയിലെ' മറ്റ് അഭിനേതാക്കൾ. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം. നിഷാദ് യൂസഫാണ്‌ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in