എന്റെ മകൻ ഓട്ടിസ്റ്റിക് ആണ്, ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹം എന്തു പേരിട്ട് വിളിച്ചാലും അവർ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരാണ്:ഷെല്ലി

എന്റെ മകൻ ഓട്ടിസ്റ്റിക് ആണ്, ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹം എന്തു പേരിട്ട് വിളിച്ചാലും അവർ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരാണ്:ഷെല്ലി
Published on

ഭിന്നശേഷിക്കാരായ കുട്ടികൾ വ്യക്തിത്വവും ആത്മവിശ്വാസവും ഉള്ളവരാണെന്നും ആരുടെയും സഹായമില്ലാതെ അവർക്ക് ജീവിക്കാൻ സാധിക്കുമെന്നും നടി ഷെല്ലി കിഷോർ. തന്റെ മകൻ ഓട്ടിസ്റ്റിക്കാണെന്നും ഭിന്നശേഷിയുള്ളവരാണെന്ന് കരുതി അവരെ മാറ്റി നിർത്താതെ നോക്കുന്ന മാതാപിതാക്കളോടും അധ്യാപകരോടും നന്ദി അറിയിക്കുന്നെന്നും ഷെല്ലി പറഞ്ഞു. സന്നദ്ധ സംഘടനയായ സ്റ്റെപ് അപ് ഇൻ്റർനാഷണൽ ട്രസ്റ്റ് ഭിന്നശേഷികുട്ടികൾക്കായി സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷെല്ലി. അവരുടെ കഴിവുകൾ ഇനിയും പുറത്തുവരണമെന്നും ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കുമെന്നും ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ളവരാണ് നിങ്ങളെന്നും ഷെല്ലി കുട്ടികളോടും പറഞ്ഞു.

ഷെല്ലി കിഷോർ പറഞ്ഞത്:

എന്റെ ജീവിതം തന്നെ പറയാം. എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. അവന് എഡിഎച്ച്ഡിയുണ്ട്, ജിഡിഡി ഉണ്ട്. എനിക്ക് ആദ്യം ഇവിടെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടാണ് നന്ദി പറയേണ്ടത്. അവരെ വീട്ടിനുള്ളില്‍ അടച്ചിടാതെ, എന്റെ കുഞ്ഞുങ്ങള്‍ ഭിന്നശേഷിയുള്ളവരാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ അവരുടെ ഉള്ളിലെ കഴിവിനെ പുറത്തു കൊണ്ടുവരാന്‍ വേണ്ടി നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണ അതാണ് ഏറ്റവും മികച്ച കാര്യം. രണ്ടാമത് നന്ദി പറയാനുള്ളത് അവരുടെ അധ്യാപകരോടാണ്. ഈ പ്രൊഫഷന് ക്ഷമ വേണം. ഈ ജോലിയാണ് എന്റെ ഇടമെന്നും അല്ലെങ്കിൽ ഞാൻ ഇതാണ് ചെയ്യേണ്ടതെന്നും എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇതാണെന്നുമുള്ള ചിന്താഗതിയോടെ ഇറങ്ങിത്തിരിക്കണം. അവരെ സഹായിക്കാനും അവരുടെ കഴിവുകളെ മുന്നോട്ട് കൊണ്ടു വരാനും ശ്രമിക്കുന്ന നിങ്ങളെ അതിന് വേണ്ടി സമയം ചിലവഴിക്കുന്ന നിങ്ങൾക്ക് നന്ദി പറയേണ്ടതായിട്ടുണ്ട്. ഇനി എനിക്ക് പറയാനുള്ളത് കുട്ടികളോടാണ്. നിങ്ങളെ പലരും പല പേരിട്ടും വിളിക്കുന്നുണ്ട്. പക്ഷേ അതൊന്നുമല്ല നിങ്ങളെന്നും നിങ്ങളുടെ വ്യക്തിത്വവും പുറത്തുകാണിക്കുന്നുണ്ട്. നിങ്ങൾ ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ളവരാണ്. അത് ഇനിയും വേണം. ഇനിയും മുന്നോട്ടു വരണം. സ്വന്തം കാലില്‍ നിന്ന് ജീവിക്കാന്‍ പഠിക്കണം. ആരുടെയും സഹായമില്ലാതെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. അത് മുന്നോട്ടുകൊണ്ടുവരിക. ജീവിതാവസാനം വരെയും തുടരുക. എനിക്ക് അത്രയുമേ പറയാനുള്ളൂ.

ടെലിവിഷൻ സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇപ്പോൾ സിനിമകളിലെത്തി നിൽക്കുന്ന നടിയാണ് ഷെല്ലി കിഷോർ. മിന്നൽ മുരളി, സർക്കാർ ഉത്പന്നം എന്നിവയാണ് നടിയുടെ പ്രധാന സിനിമകൾ.

Related Stories

No stories found.
logo
The Cue
www.thecue.in