'എം.എസ്.എഫിന്റെ ക്യാമ്പിൽ പോയതിന്റെ പേരിൽ എനിക്കൊരു അവാർഡ് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് ഏറ്റവും വലിയ അവാർഡ്'; ഷാരിസ് മുഹമ്മദ്

'എം.എസ്.എഫിന്റെ ക്യാമ്പിൽ പോയതിന്റെ പേരിൽ എനിക്കൊരു അവാർഡ് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് ഏറ്റവും വലിയ അവാർഡ്'; ഷാരിസ് മുഹമ്മദ്

ജനഗണമന ചെയ്തു കഴിഞ്ഞപ്പോൾ എസ്.ഡി.പി.ഐയും, ഫ്രറ്റേർണിറ്റിയും വിവിധ പരിപാടികൾക്കായി തന്നെ വിളിച്ചുവെന്നും അവർക്ക് വേണ്ടത് തന്റെ പേരിന്റെയൊപ്പമുള്ള മുഹമ്മദ് ആണെന്നും ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. യൂത്ത് കോൺഗ്രസ്സിന്റെ 'ചിന്തൻ ശിബിറിൽ' ഷാഫി പറമ്പിൽ വിളിച്ചപ്പോൾ ഞാൻ പോകാൻ കാരണം അവർ എന്റെ സിനിമയേയും, ഞാനെന്ന മനുഷ്യനേയും കണ്ടിട്ടാണ് സംസാരിക്കാൻ വിളിച്ചതെന്നതുകൊണ്ടാണ്. എം.എസ്.എഫിന്റെ ക്യാമ്പിൽ പോയതിന്റെ പേരിൽ എനിക്കൊരു അവാർഡ് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് ഏറ്റവും വലിയ അവാർഡ് എന്നും ഷാരിസ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ഷാരിസ് മുഹമ്മദ് പറഞ്ഞത്

ജനഗണമന ചെയ്ത് കഴിഞ്ഞപ്പോൾ ഒരു എസ്.ഡി.പി.ഐ നേതാവ് അവരുടെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനായി എന്നെ വിളിച്ചപ്പോൾ വരില്ലെന്ന് ഞാൻ പറഞ്ഞു. എന്തുകൊണ്ട് ഇതിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയെ നിങ്ങൾ ക്ഷണിച്ചില്ല എന്ന് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് ഞങ്ങൾക്ക് വേണ്ടത് നിങ്ങളെയാണെന്നാണ്. അപ്പോൾ ഞാൻ മനസ്സിലാക്കി അവർക്ക് വേണ്ടത് എന്നെയല്ല, എന്റെ പേരിന്റെ അറ്റത്ത് കിടക്കുന്ന മുഹമ്മദിനെയാണ്. ഇസ്ലാമോഫോബിയയെ കുറിച്ച് എറണാകുളത്ത് സംസാരിക്കുവാൻ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഫ്രറ്റേർണിറ്റിയുടെ നേതാവ് എന്നെ വിളിച്ചു. അവരോട് ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ? ഞാൻ വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു നിങ്ങൾ എന്തുകൊണ്ട് ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയെ വിളിക്കാതിരുന്നതെന്ന്. അവരും പറഞ്ഞത് അവർക്ക് വേണ്ടത് എന്നെയാണെന്നാണ്.

ഇതെല്ലം കഴിഞ്ഞ്, ഞാൻ ഇങ്ങനെയൊരു സിനിമയാണോ ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോൾ എന്റെ ഫോണിൽ ഒരു പേര് കണ്ടു, ഷാഫി പറമ്പിൽ കോളിംഗ് എന്ന്. യൂത്ത് കോൺഗ്രസ്സിന്റെ 'ചിന്തൻ ശിബിർ' നടക്കുന്നുണ്ട്, അരമണിക്കൂർ സംസാരിക്കുമോയെന്ന് ഷാഫി പറമ്പിൽ ചോദിച്ചപ്പോൾ ഞാൻ വരുമെന്ന് ഒറ്റ നിമിഷത്തിൽ പറഞ്ഞു. എന്റെ മുഹമ്മദ് കണ്ടിട്ടല്ല, ഞാനെഴുതിയ സിനിമയും ഞാനെന്ന മനുഷ്യനെയും കണ്ടിട്ട് വിളിച്ച സംഘടനയാണ് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ ദിവസം എന്നെ നജാഫ് എന്ന് പറയുന്ന എം എസ് എഫിന്റെ ജനറൽ സെക്രട്ടറി വിളിച്ചു. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി ഞാൻ വരാമെന്നും പറഞ്ഞു. ഞാൻ എന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞത് എം.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുത്താൽ അടുത്ത തവണ നിന്റെ സിനിമ അവാർഡിൽ പരിഗണിക്കില്ലെന്നാണ്. എം.എസ്.എഫിന്റെ ക്യാമ്പിൽ പോയതിന്റെ പേരിൽ എനിക്കൊരു അവാർഡ് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്കുള്ള ഏറ്റവും വലിയ അവാർഡ് എന്ന് ഞാൻ അവരോട് പറഞ്ഞു. ഈ സംഘടന എന്താണെന്നും, കേരള സമൂഹത്തിനു വേണ്ടി എം.എസ്.എഫ് നല്കിയതെന്താണെന്നുമുള്ള തികഞ്ഞ ബോധ്യത്തിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in