'കുറേ ഓഡിഷൻസ് നടന്നു, അഞ്ച് ഘട്ടങ്ങളിലായാണ് ഡബ്ബിങ് ടെസ്റ്റ് നടത്തിയത്'; 'രാമായണ' ഡബ്ബിങ്ങിനെ കുറിച്ച് ശരത് ദാസ്

'കുറേ ഓഡിഷൻസ് നടന്നു, അഞ്ച് ഘട്ടങ്ങളിലായാണ് ഡബ്ബിങ് ടെസ്റ്റ് നടത്തിയത്'; 'രാമായണ' ഡബ്ബിങ്ങിനെ കുറിച്ച് ശരത് ദാസ്
Published on: 

രാമായണ സിനിമയുടെ ഡബ്ബിങ് വിശേഷങ്ങളുമായി നടൻ ശരത് ദാസ്. ഏറെ ഓഡിഷനുകൾക്ക് ശേഷമാണ് താൻ സിനിമയുടെ ഭാഗമാകുന്നത്. എട്ട് ദിവസത്തോളമെടുത്താണ് താൻ ആ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയതെന്നും ശരത് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശരത് ദാസ്.

ശരത് ദാസിന്റെ വാക്കുകൾ:

കുറേ ഓഡിഷൻസ് ഉണ്ടായിട്ടുണ്ട്. ഫസ്റ്റ് സ്റ്റേജിൽ ഞാൻ അഭിനയിച്ച് ഡയലോഗ്സ് കാണിച്ചുകൊടുത്തു. പിന്നീട് ഡബ്ബ് ചെയ്ത് കാണിച്ചു കൊടുത്തു. പിന്നെ തേർഡ് ഇവരുടെ മലയാളം സ്റ്റുഡിയോയിൽ പോയി ഡബ്ബ് ചെയ്ത് കാണിച്ചുകൊടുത്തു. ഫോർത്ത് അവിടെ പോയിട്ട് ഡബ്ബ് ചെയ്തു നോക്കി. പിന്നെ അഞ്ചാമത്തെ സ്റ്റേജിലായിരുന്നു എന്നെ തെരഞ്ഞെടുക്കുന്നത്. വലിയൊരു പ്രോസസായിരുന്നു.

ഒരു ഡയലോഗ്‌സും കൂടുതൽ പറയാനും പറ്റില്ല. ഹിന്ദിയിലുള്ള ആ അർഥം തന്നെ വേണം, ആ ഫീൽ തന്നെ വേണം, ദൈവികത വേണം. നമുക്കിപ്പോൾ ക്യാഷ്വൽ ആയിട്ട് പറയാൻ പറ്റുന്നതല്ല, അതിനൊരു പഴയകാല പ്രൗഢി വേണം. അത് നിലനിർത്തികൊണ്ട് വേണം ഇതെല്ലാം പറയാൻ. എട്ട് ദിവസം എടുത്തിട്ടാണ് ഞാനത് കംപ്ലീറ്റ് ചെയ്തത്. കാരണം അവിടെ ഒരു ടീം ഉണ്ട്, ബോംബയിൽ തന്നെയായിരുന്നു ഡബ്ബിങ്.

ഇതിന്റെ ട്രെയിലർ മാത്രം മലയാളത്തിൽ അവരൊന്ന് പരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ട് എന്ന് പറയുന്നത് അതിന്റെ അറ്റം നോക്കിയാൽ എന്റെ ചുണ്ടാണ്. കാരണം അത് ഒരു നാല് ക്യാമറ വെച്ചിട്ട് നമ്മൾ ഇങ്ങനെ നിൽക്കും. നമ്മൾ ഡബ്ബ് ചെയ്ത ഡയലോഗ് നമ്മൾ വീണ്ടും റീപ്രൊഡ്യൂസ് ചെയ്യും. ആ ഇമോഷൻ വേണം. തല അനക്കാൻ പാടില്ല. അങ്ങനെയാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നത്.