

ആർക്കറിയാം എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ ഷറഫുദ്ദീൻ. തന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത ചിത്രമാണത്. നല്ലൊരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തിൽ കാത്തിരിക്കുന്ന സമയമാണ് ആ ചിത്രത്തിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. കോവിഡ് സമയമായിരുന്നതിനാൽ ആ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യാൻ ഒരുപാട് സമയം ലഭിച്ചു. അങ്ങനെ ചിന്തിക്കാൻ സമയം ലഭിച്ചതിന്റെ ഗുണമാണ് ആ സിനിമയ്ക്ക് ലഭിച്ചത് എന്ന് ഷറഫുദ്ദീൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷറഫുദ്ദീന്റെ വാക്കുകൾ:
എന്റെ കംഫർട്ട് സോൺ മാറ്റിപ്പിടിക്കണം എന്ന് എന്നും ഞാൻ ആഗ്രഹിച്ചിരുന്നു. ആർക്കറിയാം എന്ന സിനിമയായിരിക്കും ആ സോൺ ബ്രേക്ക് ചെയ്തത്. കോവിഡിന്റെ സമയത്തായിരുന്നു ആ സിനിമയുടെ ചിത്രീകരണം. ഹലാൽ ലവ് സ്റ്റോറി കണ്ടിട്ട് സന്തോഷ്.ടി.കുരുവിളയാണ് എന്നെ വിളിക്കുന്നത്. നല്ലൊരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിന് വേണ്ടിയുളള കാത്തിരുപ്പിലുമായിരുന്നു.
കോവിഡായിരുന്നതിനാൽ ആ സിനിമയിൽ വർക്ക് ചെയ്യാൻ ഒരുപാട് സമയം ലഭിച്ചു. അങ്ങനെ ചിന്തിക്കാൻ സമയം ലഭിച്ചതിന്റെ ഗുണമാണ് ആ സിനിമയ്ക്ക് ലഭിച്ചത്. ആർക്കറിയാമിലെ കഥാപാത്രവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആ സിനിമയിൽ ആകെ ഞാൻ ഒരു സജഷനെ ആവശ്യപ്പെട്ടുള്ളൂ. കഥാപാത്രത്തിന് അധികം ഡയലോഗുകൾ വേണ്ട, എക്സ്പ്രഷൻസിലൂടെ ആ കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാം എന്നതായിരുന്നു അത്. ആ സജഷൻ സംവിധായകന് ഇഷ്ടമാവുകയും ചെയ്തു.