
ലോക സിനിമയിലെ ഡ്രാമറ്റോജിയും അഡീഷണൽ സ്ക്രീൻപ്ലേയും കൈകാര്യം ചെയ്തിരിക്കുന്നത് നടി കൂടിയായ ശാന്തി ബാലചന്ദ്രനാണ്. എന്താണ് ഡ്രാമറ്റോജി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലർക്കും സംശയം വന്നേക്കാം. അതിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് വിശദീകരിക്കുകയാണ് ശാന്തി ബാലചന്ദ്രൻ. ലോകയിൽ കിളിയേ കിളിയേ എന്ന ഗാനം പ്ലേസ് ചെയ്തതിന് പോലും കൃത്യമായ കാരണമുണ്ടെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ
ഡ്രാമറ്റോജി നാടകത്തിൽ കൂടുതൽ കണ്ടുവരുന്ന ഒരു പ്രോസസാണ്. അതായത്, ഒരു റോ മെറ്റീരിയൽ ഉണ്ടെങ്കിൽ അതിനെ എങ്ങനെ സ്ട്രക്ച്ചർ ചെയ്യണം, അതിന്റെ ആർക്കുകൾ എങ്ങനെയാണ് ഡെവലപ്പ് ചെയ്യുന്നത് എന്നതിനൊക്കെ ഡയറക്ടർക്ക് നരേറ്റീവ് സപ്പോർട്ട് കൊടുക്കുന്ന ആളാണ് ഡ്രാമറ്റോജി. ലോകയിൽ ഡ്രാമറ്റോജി ടൈറ്റിൽ എനിക്ക് കിട്ടാൻ പല കാരണങ്ങളുമുണ്ട്. ഞാൻ സ്ക്രിപ്റ്റിങ്ങിലെ റിസേർച്ചിലും ഡെവലപ്പ്മെന്റിലും മാത്രമല്ല, പ്രൊഡക്ഷനിലും ഇൻവോൾവ് ചെയ്തിട്ടുണ്ട്. ഡ്രാമറ്റർ ഒരു ഫെസിലിറ്റേറ്ററായാണ് പ്രവർത്തിക്കുന്നത്. ഡയറക്ടറുടെ വിഷൻ ഓരോ ഡിപ്പാർട്ട്മെന്റിലുള്ള ആളുകളുമായും കോർഡിനേറ്റ് ചെയ്ത് എക്സ്പ്ലെയിൻ ചെയ്തുകൊടുക്കുക എന്നതായിരുന്നു പ്രൊഡക്ഷനിൽ എന്റെ പ്രധാന ജോലി. അത് എനിക്ക് വളരെ എക്സൈറ്റിങ്ങായ ഒരു പ്രോസസായിരുന്നു.
കോസ്റ്റ്യൂമുകളിൽ നമ്മൾ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റുമായി കമ്യൂണിക്കേറ്റ് ചെയ്യുക, കഥയിൽ ഒരു സോഷ്യോ പൊളിറ്റിക്കൽ ഹിസ്റ്റോറിക്കൽ ലെയറുള്ളതുകൊണ്ടുതന്നെ ആർട്ടിൽ അതിന്റെ ഡീറ്റെയിൽസ് കൊണ്ടുവരിക തുടങ്ങി വളരെ നല്ല പ്രോസസായിരുന്നു ഡ്രാമറ്റോജി. അതിനേക്കാൾ എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് സിനിമയിലെ പാട്ടുകൾക്ക് കോൺസെപ്റ്റുകൾ സൃഷ്ടിക്കുക എന്നതായിരുന്നു. ഉദാഹരണത്തിന്, കിളിയേ കിളിയേ എന്ന പാട്ട്. ആ സോങ് ഞാനവിടെ സജസ്റ്റ് ചെയ്യാൻ കാരണം ഉയരങ്ങളിലൂടെ പലനാടുകൾ തേടി എന്ന ലിറിക്സ് അവിടെ ഉള്ളതുകൊണ്ടാണ്. പിന്നെ, ചന്ദ്രയെ സണ്ണി ആദ്യമായി ഒരു ഫെമിനിൻ ടച്ചിൽ കാണുന്നതുകൊണ്ടാണ് അഴകിൻ അഴകേ എന്ന പദവും ആപ്റ്റായി.