
ലോകയുടെ റിലീസിന് മുമ്പ് എന്തുകൊണ്ട് കല്യാണിയെ കാസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നെന്നും റിലീസിന് ശേഷം ആ ചോദ്യങ്ങൾക്കെല്ലാം കല്യാണി മറുപടി നൽകിയെന്നും ശാന്തി ബാലചന്ദ്രൻ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പ്രകടനങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനായതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ ഡൊമിനിക് അരുൺ അത് സ്ക്രീനിലേക്ക് പകർത്തിയെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ
കഴിഞ്ഞ വർഷം ഈ സമയം ഞങ്ങൾ ഓഡീഷൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു കല്യാണിയുടെ ചെറുപ്പം ചെയ്ത ദുർഗ എന്ന കുട്ടിയെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോഴും അത് പറയുമ്പോൾ ഗുസ് ബംബ്സാണ്. മാർഷ്യൽ ആർട്സ് ട്രെയിനിങ് ലഭിച്ചിട്ടുള്ള കുട്ടികൾ വേണം എന്നുതന്നെയാണ് ഡിസ്ക്രിപ്ഷനായി കൊടുത്തിരുന്നതും. കുട്ടിയായിരിക്കുമ്പോൾ ചന്ദ്ര അനുഭവിച്ച പ്രശ്നങ്ങളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞും അവൾ അനുഭവിക്കുന്നത്. അപ്പോൾ ആ കുഞ്ഞ് ഇത്രയും ഇമോഷനുകൾ കൺവേ ചെയ്തില്ലെങ്കിൽ ചന്ദ്ര എന്ന കഥാപാത്രം തന്നെ ഇല്ലാതായേനേ. പിന്നെ, ഒരുപാട് കാലം മനസിൽ കൊണ്ടുനടന്ന കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീലാണ് തന്നിരുന്നത്.
കല്യാണിയെ നായികയാക്കി കാസ്റ്റ് ചെയ്തപ്പോൾ എന്തിന് അങ്ങനൊരു തീരുമാനം എടുത്തു എന്ന ചോദ്യങ്ങൾ ഒരുപാട് ഉയർന്നിരുന്നു. പക്ഷെ, ഇപ്പോൾ അത് ആരും ചോദിക്കുന്നില്ലല്ലോ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പെർഫോമൻസിന് ഭയങ്കര പ്രാധാന്യം നൽകുന്ന ഒരു സംവിധായകനാണ് ഡൊമിനിക് അരുൺ. മാത്രമല്ല, അദ്ദേഹത്തിന്റെ ഡയലോഗ് റൈറ്റിങ്ങും വളരെ യുണീക്കാണ്. ഓരോ കഥാപാത്രത്തെയും വേർതിരിച്ചറിയുന്ന രീതിയിലായിരിക്കും ഡൊമിനിക് ഡയലോഗുകൾ എഴുതുക. അത് എന്നെ ഒരുപാട് അഡ്മെയർ ചെയ്ത കാര്യമാണ്.