
ഒരു നടനിലോ നടിയിലോ പ്രൊഡ്യൂസർക്ക് വിശ്വാസം വരണമെങ്കിൽ അതുപോലുള്ള അവസരങ്ങളും അവരെ തേടിയെത്തണമെന്ന് ശാന്തി ബാലചന്ദ്രൻ. ഒരു നായക നടനെ സ്റ്റാറാക്കി മാറ്റാനുള്ള വലിയ തരത്തിലുള്ള ഇൻവെസ്റ്റിങ് ഇൻഡസ്ട്രിയിൽ നടക്കുന്നുണ്ടെങ്കിലും ഒരു നടിയെ സ്റ്റാറാക്കി വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ഇൻഡസ്ട്രി നടത്തുന്നില്ലെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ
ഒരു ആക്ടർ ബാങ്കബിൾ ആവണമെങ്കിൽ, അല്ലെങ്കിൽ ഒരാളെവച്ച് പടം ചെയ്യാൻ ഒരു പ്രൊഡ്യൂസറിന് ഗ്യാരണ്ടി കിട്ടണമെങ്കിൽ അതുപോലുള്ള പ്രോജക്ടുകൾ അയാൾക്ക് വരണം. ഒരു സംവിധായകനോ എഴുത്തുകാരനോ നിർമ്മാതാവോ അത്തരത്തിലുള്ള സിനിമകൾ ഒരാളെവച്ച് പ്ലാൻ ചെയ്യാതെ ആ ആക്ടറിന് ഒരിക്കലും പുറത്തുവരാൻ സാധിക്കില്ല. നമ്മൾ ഒരു പോപ്പുലർ ഫേസ് ആകുമായിരിക്കും, കുറച്ച് ഹിറ്റ് പടങ്ങളുടെ ഭാഗമാകുമായിരിക്കും, പക്ഷെ, വളർച്ച ഉണ്ടാവണം എന്നില്ല. ഇപ്പൊഴത്തെ ഒരു പ്രവണത എങ്ങനെയാണ് എന്നുവെച്ചാൽ, ഒരാൾ ഏത് രീതിയിലാണോ കൂടുതൽ പോപ്പുലറായത്, അത്തരത്തിൽ അയാൾക്ക് വേണ്ടി കഥകൾ നിർമ്മിക്കുന്നു എന്നുള്ളത്. ഉദാഹരണത്തിന്, ഒരാൾ സോഷ്യൽ മീഡിയയിൽ വളരെ ബബ്ലി ആണെങ്കിൽ, അയാൾക്ക് വേണ്ടി ഒരു ബബ്ലി ക്യാരക്ടർ ക്രിയേറ്റ് ചെയ്യുന്നു.
ഒരു നായക നടനെ സ്റ്റാർ ആക്കി മാറ്റാൻ ഉതകരുന്ന സ്ക്രിപ്റ്റുകൾ പലപ്പോഴും സിനിമയിൽ ഉണ്ടാകാറുണ്ട്. അത് ഒരു ഇൻവെസ്റ്റ്മെന്റ് പോലെ തുടരുന്ന പ്രവണത. പക്ഷെ, അത് ഒരിക്കലും ഒരു നായികയിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ ആരും തയ്യാറാകുന്നില്ല. ഉദാഹരണത്തിന്, ഒരു മെയിൽ സ്റ്റാറിന്റെ സിനിമയ്ക്കായി നായികയെ കാസ്റ്റ് ചെയ്യുമ്പോൾ, നമ്മൾ നേരത്തെ വർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ ആരെയെങ്കിലും കാസ്റ്റ് ചെയ്യാം എന്ന ഒരു പ്രവണത ഇൻഡസ്ട്രി കാണിച്ചുപോരുന്നുണ്ട്. സ്വാഭാവികമായും ജോലി ഇല്ലാതാകുമ്പോൾ, വരുന്നതിൽ എന്താണോ മികച്ചത് അതിലേക്ക് നമ്മൾ പോകേണ്ട അവസ്ഥ വരുന്നു.