
'ലോക' എന്ന ചിത്രത്തെയും ദുൽഖർ സൽമാനെയും പ്രശംസിച്ച് നടൻ ഷെയ്ൻ നിഗം. മലയാള സിനിമയ്ക്കായി ലോക പുതിയ വാതിലുകളാണ് തുറന്നുവെച്ചിരിക്കുന്നതെന്നും ഇത്തരമൊരു സിനിമ നിർമ്മിക്കാൻ ദുൽഖർ കാണിച്ച ധൈര്യത്തെ പ്രശംസിക്കപ്പെടണമെന്നും ഷെയ്ൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗത്തിന്റെ പ്രതികരണം.
'ഞാൻ ആ പടം കണ്ടിരുന്നു. ഇറങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ കണ്ടിരുന്നു. എനിക്ക് ഒരു പക്കാ തിയേറ്ററിക്കൽ എക്സ്പെരിയൻസ് കിട്ടി. ആ സിനിമയിൽ അംഗീകരിക്കേണ്ടത് ദുൽഖറിനെയാണ്. ബാക്കിയുള്ളവരുടെ എഫോർട്ട് മാനിക്കുന്നില്ല എന്നല്ല അതിനർത്ഥം. വലിയ പൈസ മുടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിസ്ക് ഒരുപാട് ഉണ്ട്. പക്ഷെ ഡൊമിനിക് അരുണിന്റെ സ്ക്രിപ്റ്റിനെ വിശ്വസിച്ചു.
ഡൊമിനികിന് സ്ക്രിപ്റ്റ് പറയാൻ അല്ലേ സാധിക്കുകയുള്ളൂ അല്ലാതെ സിനിമ എടുത്ത് കാണിച്ചിട്ടല്ലല്ലോ പൈസ മുടക്കുന്നത്. ഒരു നരേഷനിലൂടെ വിശ്വസിക്കുകയാണ്. ദുൽഖറിന്റെ ഒരു ധൈര്യത്തെയാണ് ഞാൻ അഭിനന്ദിക്കുന്നത്. അടുത്ത ഒരു 10 കൊല്ലം കഴിഞ്ഞാലേ മനസിലാക്കുകയുള്ളു ലോക തുറന്ന് വെച്ചത് വലിയൊരു സംഭവം ആണ്. സൂപ്പർ ഹീറോ, ഫാന്റസി സിനിമകൾ ഇവിടെ ചെയ്‌താൽ വിജയിക്കും എന്ന് കാണിച്ചത് ലോകയാണ്,' ഷെയ്ൻ നിഗം പറഞ്ഞു.