

വിലായത്ത് ബുദ്ധയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ പ്രചരിപ്പിക്കുന്നവർ പടം കണ്ടിട്ടല്ല അത് പറയുന്നത്. കുട്ടികളടക്കം പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
'അനാവശ്യമായി ഹേറ്റ് പ്രകടിപ്പിക്കുന്നവരെ നമുക്ക് തള്ളി കളയാനെ പറ്റൂ. അവരെ നമുക്ക് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. നിര്‍മാതാവിന്റെ കാര്യം മാത്രമല്ല, ഞാനടക്കമുള്ള ആര്‍ട്ടിസ്റ്റുകളെയാണ് അവര്‍ തല്ലികെടുത്താന്‍ ശ്രമിക്കുന്നത്. അത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. തീര്‍ച്ചയായും വിലായത്ത് ബുദ്ധ ഒരു നല്ല സിനിമയാണ്. നല്ല അഭിമാനത്തോടെ ഞാന്‍ പറയും നല്ല ഒന്നാന്തരം സിനിമയാണിത് എന്ന്. ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. നല്ല ഒരു കഥാപാത്രവുമാണ് എനിക്ക് കിട്ടിയത്,’ ഷമ്മി തിലകന്‍ പറഞ്ഞു.
'സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ പ്രചരിപ്പിക്കുന്നവർ പടം കണ്ടിട്ടല്ല അത് പറയുന്നത്. പിന്നെ ചിലർ പൈസ വാങ്ങിയും റിവ്യൂ ചെയ്യാറുണ്ട്. അതിനെക്കുറിച്ചൊന്നും ഒന്നും പറയാനില്ല. അവർക്ക് അത് ജീവിതമാർഗമായിരിക്കും. കൊച്ചു കുട്ടികൾ സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു എനിക്ക് വീഡിയോകൾ അയക്കുന്നുണ്ട്. ആ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.