'ബോക്സ് ഓഫീസ് കിംഗ് ' ; 1000 കോടി കടന്ന് ഷാരൂഖ് ആറ്റ്ലീ ചിത്രം ജവാൻ

'ബോക്സ് ഓഫീസ് കിംഗ് ' ; 1000 കോടി കടന്ന് ഷാരൂഖ് ആറ്റ്ലീ ചിത്രം ജവാൻ

ആഗോള ബോസ്‌ഓഫീസിൽ 1000 കോടി കടന്ന് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. റിലീസ് ചെയ്ത് പത്തൊൻപത് ദിവസത്തിനുള്ളിൽ 1004.92 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഇതോടെ ഒരു വർഷത്തിൽ രണ്ട് തവണ 1000 കോടി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷാരൂഖ് ഖാൻ. ഒപ്പം 1000 കോടി കളക്ഷൻ നേടിയ ചിത്രം സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് സംവിധായകയായി മാറി ആറ്റ്‌ലി. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുമാത്രം ചിത്രം 500 കോടിക്ക് മുകളിലാണ് ഇതുവരെ സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിച്ചിരിക്കുന്നത്.

സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 129.6 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ റെക്കോർഡാണിത്. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ റിപോർട്ട് പ്രകാരം 75 കോടിയാണ് ഇന്ത്യയിൽ നിന്ന് റിലീസ് ദിനം ജവാൻ നേടിയത്. ഇതിൽ 65 കോടി ഹിന്ദി വേർഷനിൽ നിന്നും 10 കോടി തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിവസം 60 കോടിയിലധികം നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡിനൊപ്പം ആദ്യ ദിവസം ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനും ജവാന്റെ പേരിലായി. ഷാരൂഖിന്റെ മുൻ സിനിമയായ പത്താൻ നേടിയ 57 കോടി എന്ന റെക്കോർഡും ജവാൻ മറികടന്നിട്ടുണ്ട്.

കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in