ജവാനിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ്

ജവാനിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ്

ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാറൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം ജവാന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ റെഡ്ചില്ലി എന്റര്‍ടെയ്ന്‍മെന്റാണ് പോലീസില്‍ പരാതി നല്‍കിയത്. ജവാന്‍ സിനിമയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചില ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഫ്രീ പ്രസ്സ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

ഓഗസ്റ്റ് 10 ന് സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി ആക്ട് സെക്ഷന്‍ 379 (മോഷണം), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 43 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ പ്രകാരം 'ജവാന്‍' സിനിമയുടെ ക്ലിപ്പുകള്‍ ആരോ മോഷ്ടിച്ച് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും അതുവഴി പകര്‍പ്പവകാശം ലംഘിക്കുകയും ചെയ്തു എന്ന് ആരോപിക്കുന്നു. ചിത്രീകരണ വേളയില്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ഷൂട്ടിംഗ് ലൊക്കേഷനില്‍ മൊബൈല്‍ ഫോണുകളും റെക്കോര്‍ഡിംഗ് ഉപകരണങ്ങളും വ്യക്തമായി തന്നെ നിരോധിച്ചിരുന്നു. ഇതിനെ മറികടന്നാണ് നിലവില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് വിവരങ്ങള്‍. സിനിമാ ക്ലിപ്പുകള്‍ പങ്കിട്ട അഞ്ച് ട്വിറ്റര്‍ ഹാന്‍ഡിലുകളെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് തിരിച്ചറിഞ്ഞു. ഈ ഹാന്‍ഡിലുകള്‍ക്ക് നിയമപരമായ നോട്ടീസ് അയച്ചിരുന്നു, എന്നാല്‍ അവയില്‍ ഒരാള്‍ മാത്രമാണ് നോട്ടീസ് അംഗീകരിച്ചത്. തുടര്‍ന്ന് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ലീക്കായ ക്ലീപ്പുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഹാന്‍ഡിലിനോട് കോടതി ഉത്തരവിട്ടു.

ആറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരിക്കും ഷാറുഖ് ഖാന്‍ എത്തുക. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. റെഡ് ചില്ലീസ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജവാനില്‍ ദീപിക പദുകോണും ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കള്‍. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ് ഭാഷകളില്‍ മൊഴിമാറ്റി റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in