സമാന്തയുടെ 'ശാകുന്തളം' ഫെബ്രുവരി 17ന് എത്തില്ല; പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

സമാന്തയുടെ 'ശാകുന്തളം' ഫെബ്രുവരി 17ന് എത്തില്ല; പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

നടി സമാന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ശാകുന്തളത്തിന്റെ റിലീസ് മാറ്റി വെച്ചു. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റി വെക്കുകയാണെന്നും പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

'ശാകുന്തളം ഈ ഫെബ്രുവരി 17ന് റിലീസ് ചെയ്യില്ലെന്ന് ഞങ്ങളുടെ പ്രിയ പ്രേക്ഷകരെ വിഷമത്തോടെ അറിയിക്കുന്നു. പുതിയ റിലീസ് തീയതി ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കും. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദി', എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്.

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖരാണ്. അഞ്ച് ഭാഷകളില്‍ ഒരുങ്ങിയ ചിത്രം ത്രീ.ഡിയിലാണ് റിലീസ് ചെയ്യുക. സമാന്ത ടൈറ്റില്‍ റോളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ ദേവ് മോഹനാണ് സമാന്തയുടെ നായകന്‍. ദുഷ്യന്ത മഹാരാജാവിന്റെ വേഷമാണ് ദേവ് മോഹന്‍ അവതരിപ്പിക്കുന്നത്. ദേവ് മോഹന് പുറമെ സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, ഡോ.എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അതോടൊപ്പം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ശാകുന്തളം.

നീലിമ ഗുണയാണ് ശാകുന്തളത്തിന്റെ നിര്‍മ്മാതാവ്. ശേഖര്‍ വി ജോസഫ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രവിന്‍ പുഡിയാണ്. മണി ശര്‍മ്മ സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in