'ലെറ്റ്സ് ഫിനിഷ് ടു​ഗേദർ'; സെക്സ് എജ്യൂക്കേഷൻ അവസാന സീസൺ ട്രെയ്ലർ

'ലെറ്റ്സ് ഫിനിഷ് ടു​ഗേദർ'; സെക്സ് എജ്യൂക്കേഷൻ അവസാന സീസൺ ട്രെയ്ലർ

പോപ്പുലര്‍ സീരിസായ 'സെക്സ് എജ്യൂക്കേഷന്‍റെ' നാലാം സീസൺ ട്രെയ്ലർ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്. സെക്സ് എജ്യൂക്കേഷൻ സിരീസിന്റെ ഏറ്റവും ഒടുവിലത്തെ സീസൺ ആണിത്. സീരിസിന്റെ ക്രിയേറ്ററും എഴുത്തുകാരിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ലോറി നണ്‍ ആരാധകര്‍ക്ക് എഴുതിയ കത്തിലൂടെയാണ് സിരീസ് അവസാനിക്കുന്നു എന്ന വാർത്ത മുമ്പ് പുറത്ത് വിട്ടത്. നാലാം സീസൺ നെറ്റ്ഫ്ലിക്ക്സില്‍ സെപ്റ്റംബര്‍ 21 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

അവിശ്വസനീയമാം വിധം 'സെക്സ് എഡുക്കേഷന്‍' എന്ന സിരീസില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും ഒപ്പം ഒരോ എപ്പിസോഡും നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ തങ്ങളുടെ മികച്ച എഴുത്തുകാരോടും അഭിനേതാക്കളോടും കടപ്പെട്ടിരിക്കുന്നു എന്നും ലാറി നണ്‍ പറയുന്നു.അവസാന സിരീസ് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരാനുള്ള ഞങ്ങളുടെ അശ്രാന്തമായ പ്രയത്നം നിങ്ങളുമായി പങ്കിടാന്‍ കാത്തിരിക്കുകയാണ് എന്നും ലാറി നണ്‍ ആരാധകര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലാറി നണ്‍ സൃഷ്ടിച്ച ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരിയില്‍ ആണ് നെറ്റ്ഫ്ലിക്സില്‍ ആദ്യമായി സ്ട്രീമിങ് ആരംഭിക്കുന്നത്. തുടര്‍ന്ന് 40 മില്ല്യണിലധികം ആളുകളാണ് അന്ന് സിരീസ് കണ്ടത്. ലോകമെമ്പാടും ആരാധകരുള്ള കമിങ് ഓഫ് ഏജ് കോമഡി ഡ്രാമ സിരീസാണ് 'സെക്സ് എഡുക്കേഷന്‍'. സിരീസിന്റെ കഥയും കഥാപാത്രങ്ങളും ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയിരുന്നു. കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു സീരീസ് ചര്‍ച്ച ചെയ്തത്. അമ്മ സെക്‌സ് തെറാപ്പിസ്റ്റായ ഓട്ടിസ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്‌കൂളിലെ തന്റെ സഹപാഠികളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്നതാണ് സീരീസിന്റെ പ്രമേയം. വളരെ ഗൗരവമായ ലൈംഗികത എന്ന വിഷയം ലളിതമായി തമാശരൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു സീരീസ് ചെയ്തത്. അഡല്‍റ്റ്‌സ് ഒണ്‍ലി വിഭാഗത്തില്‍ പെട്ടുപോകാവുന്ന സീരീസ് അവതരണത്തിലെ കയ്യടക്കം കൊണ്ട് എല്ലാ പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാകുന്നുവെന്നായിരുന്നു സീരീസിനെക്കുറിച്ചു വന്ന നിരൂപണങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in