
2025 ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമായ രേഖാചിത്രത്തിന് പിന്നാലെയെത്തിയ ആസിഫലി ചിത്രമായ സർക്കീട്ട് പെർഫോർമൻസിലും സമീപിച്ച പ്രമേയം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ്. ആസിഫലിയുടെയും ജപ്പു എന്ന കഥാപാത്രമായെത്തിയ ഓർഹാന്റെയും പ്രകടനമാണ് തമർ സംവിധാനം ചെയ്ത സിനിമയുടെ ഹൈലൈറ്റ്.
റാസൽഖൈമയിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന പ്രണയ വിവാഹിതരായ ദമ്പതികളുടെ ഏഴുവയസ്സുകാരൻ ഹൈപ്പർ ആക്ടീവ് ജപ്പുവിന്റെ ജീവിതത്തിൽ ഒറ്റ രാത്രി നടക്കുന്ന കഥയാണ് സർക്കീട്ട് പറയുന്നത്. ഗൾഫ് മോഹിച്ച് രണ്ടാമതും വിസിറ്റ് വിസയിലെത്തി തൊഴിലന്വേഷിച്ച് നടക്കുന്ന നായകനായ അമീറും ( ആസിഫ് അലി ) ജെപ്പുവും തമ്മിലുള്ള വൈകാരികബന്ധം പ്രതിപാദിക്കുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാല്യത്തിൽ അനാഥത്വം അനുഭവിക്കേണ്ടി വരുന്ന അമീറിന്റേയും അച്ഛനും അമ്മയുമുണ്ടെങ്കിലും തന്റെ പ്രത്യേക മാനസികാവസ്ഥയുടെ ഫലമായി അനാഥത്വത്തിൻ്റെ അനുഭവങ്ങൾ തോന്നിക്കുന്ന ജപ്പുവിന്റെയും വൈകാരികമായ അവസ്ഥകളാണ് ചിത്രത്തെയുടനീളം മുൻപോട്ടു കൊണ്ടുപോകുന്നത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരുപോലെ സംസാരിക്കുന്നത് അമീറിന്റെയും ജെപ്പുവിന്റെയും ആത്മബന്ധത്തെ കുറിച്ചാണ്. ഇരുവരുടെയും ബന്ധത്തിന്റെ ഊഷ്മളതയെ ഉയർത്തികാട്ടുന്ന വിധത്തിലാണ് ഗോവിന്ദ് വസന്തയുടെ സംഗീതത്തെ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം മനോഹരമായ വിധത്തിലത് പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോവിന്ദിന്റ സംഗീതം ഒരുപാട് സഹായകരമായിട്ടുണ്ട്. വ്യത്യസ്തമായ സംഗീത സൃഷ്ടികൾ കൊണ്ട് ഇന്ത്യൻ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗോവിന്ദ് വസന്ത സർക്കീട്ടിലും തന്റെ സംഗീതവിസ്മയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ബാലതാരമായ ഓർഹാൻ, ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.