ഹാട്രിക്കടിച്ച് ആസിഫ് അലി, അമ്പരപ്പിക്കുന്ന പെർഫോർമൻസ്; പ്രേക്ഷകരെ കയ്യിലെടുത്ത് സർക്കീട്ട്

ഹാട്രിക്കടിച്ച് ആസിഫ് അലി, അമ്പരപ്പിക്കുന്ന പെർഫോർമൻസ്; പ്രേക്ഷകരെ കയ്യിലെടുത്ത് സർക്കീട്ട്
Published on

തമർ സംവിധാനം ചെയ്ത് ആസിഫലിയും ബാലതാരം ഓർഹാനും പ്രധാന റോളിലെത്തിയ സർക്കീട്ടിന് മികച്ച പ്രേക്ഷക പ്രതികരണം. രേഖാചിത്രം എന്ന ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററിന് പിന്നാലെ റിലീസിനെത്തിയ ആസിഫലിയുടെ സർക്കീട്ട് താരത്തിന്റെ വിജയത്തുടർച്ചയാവുകയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകള്ക്ക് പിന്നാലെ പ്രേക്ഷക പ്രീതി നേടുന്ന ആസിഫലി ചിത്രം കൂടിയാണ് സർക്കീട്ട്.

ദുബായിൽ തൊഴിൽ തേടിയെത്തുന്ന അമീർ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടർന്ന് ഇവർക്കിടയിൽ രൂപപ്പെടുന്ന ആത്മബന്ധവുമാണ് സിനിമ. ഓർഹാൻ എന്ന ബാലതാരമാണ് ജപ്പുവിന്റെ റോളിൽ അമീറായി ആസിഫലിയും. തിയറ്റർ ഹിറ്റിനൊപ്പം ആസിഫലിയുടെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ സിനിമകളായിരുന്നു കിഷ്കിന്ധാ കാണ്ഡവും രേഖാചിത്രവും. സർക്കീട്ട് കൂടി പ്രേക്ഷകരെ കയ്യിലെടുക്കുമ്പോൾ ഹാട്രിക് നേട്ടം കൊയ്യുകയാണ് ആസിഫലി.

ചിത്രത്തിൽ നായികയായി എത്തുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സർക്കീട്ട്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.

ചിത്രത്തിൽ ജപ്പുവായി അഭിനയിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ ബാലതാരം ഓർഹാനെ കയ്യിലെടുത്താണ് ആസിഫലി ആദ്യ പ്രദർശനം കണ്ടിറങ്ങിയത്. എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുവാണല്ലോ എന്നായിരുന്ന പ്രേക്ഷകരോട് ആസിഫലി ചോദിച്ചത്. എല്ലാ പ്രേക്ഷകർക്കും ഈ സിനിമയിലെ ഇമോഷൻസ് കണക്ടാകുന്നു എന്ന് കാണുമ്പോൾ സന്തോഷം. എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമയാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികൾക്കൊപ്പം ഇരുന്ന് കാണുമ്പോഴാണ് ആ ഇമോഷൻ എല്ലാവർക്കും ഒരുപോലെ കിട്ടുകയെന്നും ആസിഫലി.

Related Stories

No stories found.
logo
The Cue
www.thecue.in