എന്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രിയായി 2018 ?, ജൂറി അം​ഗം സന്ദീപ് സേനൻ പറയുന്നു

എന്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രിയായി 2018 ?, ജൂറി അം​ഗം സന്ദീപ് സേനൻ പറയുന്നു

ലോകത്ത് ഏത് കോണിലുള്ള മനുഷ്യനും ഉൾക്കൊള്ളാനാകുന്ന യൂണിവേഴ്സൽ അപ്പീൽ ആണ് 2018 എന്ന സിനിമയെ ഇന്ത്യയിൽ നിന്നുള്ള ഓസ്കർ അവാർഡിനുള്ള ഔദ്യോ​ഗിക എൻട്രിയായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ജൂറി അം​ഗം സന്ദീപ് സേനൻ. 2018ൽ കേരളം നേരിട്ട പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള സിനിമയാണ് ജൂഡ് ആന്തണിയുടേത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ മനുഷ്യർ അവരുടെ സഹജീവികളെ രക്ഷിക്കാനായി ആ സമയത്ത് ഇറങ്ങി. ലോകത്ത് എവിടെ വേണമെങ്കിലും പ്ലേസ് ചെയ്യാനാകുന്ന സിനിമയാണ്. ജപ്പാനിലും, ലിബിയയിലും, അമേരിക്കയിൽ ചുഴലിക്കാറ്റിന്റെ രൂപത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. ഒരു പറ്റം മനുഷ്യരുടെ അതീജീവനത്തിന്റെ കഥയെ മികച്ച സാങ്കേതിക നിലവാരത്തിലും സിനിമാറ്റിക് മികവിലും ഒരുക്കിയതിന്റെ ഉദാഹരണവുമായിരുന്നു 2018. പ്രശസ്ത ഇന്ത്യൻ സംവിധായകൻ ​ഗിരീഷ് കാസറവള്ളിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രി ചിത്രം തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാൻ. സന്ദീപ് സേനനെ കൂടാതെ ശതരൂപ സന്യാൽ, മഞ്ജു ബോറ, മുകേഷ് ആർ മേത്ത, ജോഷി ജോസഫ്, ശ്രീകർ പ്രസാദ്, എസ്. വിജയൻ, ആർ മാധേഷ് തുടങ്ങിയവരായിരുന്നു ഓസ്കർ എൻട്രി സെലക്ഷൻ ജൂറിയിലുണ്ടായിരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ നിർമ്മാതാവ് കൂടിയാണ് സന്ദീപ് സേനൻ.

ഓസ്കർ മത്സരത്തിൽ 2018 ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്

പല ഴോണറിൽ ഉള്ള നല്ല നിലവാരമുള്ള സിനിമകളും മത്സരത്തിന് ഉണ്ടായിരുന്നു. മലയാളത്തിൽ നിന്ന് 2018 മാത്രമേ ഉണ്ടായിരുന്നുള്ളു. ഓരോ സിനിമകളെപ്പറ്റിയുള്ള ഓരോ അഭിപ്രായങ്ങളും ഡിബേറ്റുകളും കഴിഞ്ഞാണ് അവസാനം സിനിമയെ തിരഞ്ഞെടുത്തതെന്ന് സന്ദീപ് സേനൻ പറഞ്ഞു. ചർച്ചകളിലേക്ക് വന്നപ്പോൾ ഭൂരിഭാഗം പേർക്കും ഇത് തന്നെയായിരുന്നു ഇത്തവണ ഇന്ത്യയിൽ നിന്ന് അയക്കേണ്ട സിനിമയെന്ന് തോന്നിയത്. കാരണം 2018 ആർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു കഥയാണെന്നും സന്ദീപ് പറഞ്ഞു. ഓസ്കറിലെത്താൻ സിനിമക്ക് കടമ്പകളേറെ കടക്കാനുണ്ട്. അക്കാദമി മെമ്പേഴ്സിനെകൊണ്ട് ഈ സിനിമ കാണിപ്പിക്കുക എന്നതാണ് എടുക്കേണ്ട അടുത്ത സ്റ്റെപ്പ്. അതൊരു വലിയ ദൗത്യമാണ്.

നിർമാതാക്കളായ വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും സിനിമയോടുള്ള പാഷൻ കൊണ്ടാണ് ഇങ്ങനെയൊരു സിനിമ എടുത്തത്. ഓസ്കർ കടമ്പകളെക്കുറിച്ച് നിർമാതാക്കളോട് സംസാരിച്ചപ്പോൾ അവർ വളരെ ആവേശത്തോടെ ഇതുമായി മുന്നോട്ട് പോകാൻ ഒരുക്കമാണ്. ആർ ആർ ആറിനും മുൻപ് എ ആർ റഹ്മാനും, റസൂൽ പൂക്കുട്ടിക്കും ഒക്കെ ഓസ്കർ ലഭിച്ചത് കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഒരു സിനിമ ഒരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കില്ല. ടെക്‌നിക്കലിയും 2018 വളരെ മുന്നിലാണ്. പിന്നെ പറഞ്ഞ വിഷയവും അതിന്റെ ട്രീറ്റ്‌മെന്റും ഈ സിനിമക്കൊരു മുതൽക്കൂട്ടാണ്.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷന് വേണ്ടിയാണ് 2018 മത്സരിക്കുക. ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 2018. കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്.

2018 ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രവും 2018 ആയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018 ന്റെ സ്‍ട്രീമിംഗ്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in