'ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ : സന്ദീപ് വാര്യര്‍

'ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ : സന്ദീപ് വാര്യര്‍

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായ 'ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ ദേശവിരുദ്ധ സിനിമകള്‍ ഇറങ്ങുന്നതില്‍ പ്രയാസവും പ്രശ്‌നവുമുണ്ടെന്നും സന്ദീപ് വാര്യര്‍ പറയുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.

സന്ദീപ് വാര്യര്‍ പറഞ്ഞത്:

കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ നമുക്കൊക്കെ പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളാണ് ഞാന്‍. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിര്‍മാതാക്കള്‍ പണമിറക്കാന്‍ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിര്‍മാതാക്കളുടെ കയ്യില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരില്ല.

അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് 'ജന ഗണ മന' എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.

'ക്വീനി'ന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 'ജന ഗണ മന'. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം സംസാരിച്ച ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 'ജന ഗണ മന' തങ്ങളുടെ രാഷ്ട്രീയമല്ലെന്ന് ഡിജോ ജോസും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ദ ക്യുവിനോട് പറഞ്ഞിരുന്നു.

'ജനഗണമന കണ്ടു കഴിഞ്ഞ് രാമനഗരയിലെ പല ഭാഷ സംസാരിക്കുന്ന മനുഷ്യരെ കുറിച്ച് പലരും ചോദിച്ചിരുന്നു. രാമനഗരയെ ഞങ്ങള്‍ പ്ലെയ്‌സ് ചെയ്തത് ഒരു ബോര്‍ഡറിലുള്ള നാടായിട്ടാണ്. ഒരു ഇന്ത്യന്‍ അപ്പീല്‍ കൊണ്ട് വരാനാണ് അങ്ങനെ ചെയ്തത്. പല ഭാഷ സംസാരിക്കുന്ന ആളുകളെല്ലാം ഇതിന്റെ ഭാഗമായി തന്നെ വന്നതാണ്. സിനിമയില്‍ എന്തായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ വേണം പക്ഷെ കൊടിയുടെ നിറം മനഃപൂര്‍വം ഫിറ്റ് ചെയ്തതല്ല. നാഷണല്‍ ലെവലില്‍ അറിയുന്ന ഒരു പാര്‍ട്ടിയെയാണ് സിനിമയില്‍ നമ്മുക്ക് വേണ്ടത്. അല്ലാതെ അവരെ നമ്മള്‍ സിനിമയില്‍ ക്രൂശിക്കുന്നില്ല. ഒരു പാര്‍ട്ടിക്ക് എതിരെയുള്ള സിനിമയല്ല ജനഗണമന', എന്നാണ് അവര്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in