'സ്പിരിറ്റിന്റെ കഥ ചോർത്തി, ഇതാണോ നിങ്ങളുടെ ഫെമിനിസം?'; സന്ദീപ് റെഡ്ഡി വാങ്കയുടെ പോസ്റ്റ് ദീപിക പദുക്കോണിന് എതിരെയോ?
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിൽ നായികയായി ദിപീക പാദുക്കോണിനെ ഒഴിവാക്കി പകരം തൃപ്തി ദിമ്രിയെ വാങ്ക നായികയായിക്കിയത് ഏറെ വിവാദമായിരുന്നു. നായികയെ മാറ്റിയതിന് പിന്നാലെ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിൽ എ റേറ്റഡ് ആക്ഷൻ ഉണ്ടായിരിക്കുമെന്ന് ന്യൂസ് പോർട്ടൽ ആയ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. സ്പിരിറ്റ് തീർത്തും ഒരു പോലീസ് ആക്ഷൻ ത്രില്ലർ ചിത്രമാണെന്ന് വാദിച്ചിരുന്ന സംവിധായകനെയും സ്പിരിറ്റ് ടീമിനെയും ഈ വാർത്ത ചൊടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ സന്ദീപ് റെഡ്ഡി വാങ്ക എക്സിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിനിമയുടെ കഥ ലീക്ക് ചെയ്യുന്നതിലൂടെ സ്വയം എത്തരത്തിലുള്ള ആളാണ് നിങ്ങൾ എന്ന് മനസ്സിലാകുന്നുണ്ടെന്നും ഇതാണോ നിങ്ങളുടെ ഫെമിനിസം എന്നും പങ്കുവച്ച പോസ്റ്റിൽ വാങ്ക ചോദിക്കുന്നു. വൃത്തികെട്ട പി ആർ ഗെയിം എന്ന ഹാഷ്ടാഗിനൊപ്പമാണ് സന്ദീപ് റെഡ്ഡി വാങ്ക പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സന്ദീപ് റെഡ്ഡി വാങ്കയുടെ പോസ്റ്റ്:
ഒരു അഭിനേതാവിനോട് നമ്മൾ കഥ പറയുമ്പോൾ അവരിൽ നമുക്കൊരു വിശ്വാസം ഉണ്ടാകാറുണ്ട്. തമ്മിൽ ചർച്ച ചെയ്യുന്ന കഥ പുറത്ത് വെളിപ്പെടുത്തരുതെന്ന ഒരു കരാർ ആണ് അത്. പക്ഷേ അത് ലംഘിക്കുന്നതിൽ നിന്നും നിങ്ങൾ എത്തരത്തിലുള്ള ആളാണ് എന്നാണ് മനസ്സാലിക്കാൻ സാധിക്കുന്നത്. പ്രായം കുറഞ്ഞ ഒരു നടനെ താഴ്ത്തി എന്റെ കഥയെ നിങ്ങൾ പുറത്താക്കുകയാണോ? ഇതാണോ നിങ്ങളുടെ ഫെമിനിസം? ഒരു ഫിലിം മേക്കർ എന്ന നിലയിൽ എന്റെ വർഷങ്ങളുടെ കഠിനാധ്വാനമാണ് എന്റെ സിനിമകൾ. സിനിമയാണ് എനിക്ക് എല്ലാം. നിങ്ങൾക്ക് അത് മനസ്സിലാകില്ല, മനസ്സിലാകാൻ വഴിയുമില്ല, ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുകയും ഇല്ല. ഇനി ഒരു കാര്യം ചെയ്യ്, അടുത്ത തവണ മുഴുവൻ കഥയും പറഞ്ഞു കൊടുക്കണം. കാരണം എനിക്ക് അതിൽ ഒരു ചുക്കും സംഭവിക്കില്ല.
ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നായികയെ മാറ്റാനുള്ള തീരുമാനം സംവിധായകൻ കൈക്കൊണ്ടത് എന്നാണ് ദേശീയ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തത്. ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ലെന്ന് ദീപിക പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് ദീപികയെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാൽ ഇത്തരം വാർത്തകളോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്പിരിറ്റിന്റെ ചിത്രീകരണം 2025 ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് സൂചനകൾ. 2027 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്.