'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ കബീർ സിങ്' ; ആദിൽ ഹുസൈന് മറുപടിയുമായി സന്ദീപ് റെഡ്‌ഡി വാങ്ക

'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ കബീർ സിങ്' ; ആദിൽ ഹുസൈന് മറുപടിയുമായി സന്ദീപ് റെഡ്‌ഡി വാങ്ക

തന്റെ കരിയറില്‍ ഒരു സിനിമയുടെ ഭാഗമായതിനാല്‍ കുറ്റബോധം തോന്നുന്ന ഏക സിനിമയാണ് കബീർ സിങ് എന്ന് നടൻ ആദില്‍ ഹുസൈന്‍. തിരക്കഥ വായിക്കാതെ ചെയ്ത ഒരേയൊരു സിനിമയാണത്, റിലീസായ ശേഷം തീയേറ്ററില്‍ സിനിമ കാണാൻ ചെന്ന താന്‍ രണ്ട് മിനുറ്റിനുള്ളില്‍ ഇറങ്ങിയെന്നും ആദിൽ കൂട്ടിച്ചേർത്തു. കബീര്‍ സിങ് പുരുഷാധിപത്യ സിനിമയാണെന്നും ചിത്രം അക്രമങ്ങളെ നിയമവിധേയമാക്കുകയും ആഘോഷമാക്കുകയും ചെയ്യുന്നെന്നും ആദിൽ ഹുസൈൻ പറഞ്ഞു. യൂട്യൂബ് ചാനലായ എപി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദിൽ ഹുസൈൻ.

ആദിൽ ഹുസൈൻ പറഞ്ഞത് :

കബീര്‍ സിങ്ങിന് ആധാരമായ തെലുങ്കിലെ അര്‍ജുന്‍ റെഡ്ഡി ഞാൻ കണ്ടിരുന്നില്ല. തിരക്കഥ വായിക്കാതെ ചെയ്ത ഒരേയൊരു സിനിമയാണത്. എന്റെ കരിയറില്‍ ഒരു സിനിമയുടെ ഭാഗമായതിനാല്‍ കുറ്റബോധം തോന്നുന്ന ഏക സിനിമയാണ് അത്. കബീര്‍ സിങ്ങ് പുരുഷാധിപത്യ സിനിമയാണ്. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ചെറുതായി തോന്നുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ സിനിമയെടുക്കാന്‍ അവകാശമുണ്ട്. അതിനര്‍ഥം എനിക്ക് അതിനോട് യോജിപ്പുണ്ടെന്നല്ല. ഇത്തരത്തിലുള്ള സിനിമ സമൂഹത്തിന് ഗുണമില്ലാത്ത കാര്യങ്ങളെയാണ് ആഘോഷിക്കുന്നത്. ഇത് പുരുഷാധിപത്യത്തെ നിയമവിധേയമാക്കുന്നു. ആര്‍ക്കെതിരെയുമുള്ള അക്രമങ്ങളെ ഇത് നിയമവിധേയമാക്കുന്നു. അക്രമത്തെ സിനിമ ആഘോഷമാക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു. ഞാന്‍ ചെയ്ത സീന്‍ നല്ലതായിരുന്നു. അതുകൊണ്ട് തന്നെ സിനിമ മുഴുവന്‍ നല്ലതായിരിക്കുമെന്ന് കരുതി. എന്നാല്‍ സിനിമ കാണാന്‍ പോയപ്പോള്‍ എന്താണ് ഞാന്‍ ചെയ്തതെന്ന് ചിന്തിച്ചു പോയി. എനിക്ക് ലജ്ജ തോന്നി.

ആദിൽ ഹുസൈന് മറുപടിയുമായി സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക രംഗത്തെത്തിയിട്ടുണ്ട്. പശ്ചാത്താപം തോന്നുന്ന ഒരു ബ്ലോക്കബ്സ്റ്റർ സിനിമ നിങ്ങൾക്ക് നേടിത്തന്ന പ്രശസ്‌തിയുടെ അത്രപോലും നിങ്ങൾ വിശ്വസിക്കുന്ന 30 കലാമൂല്യമുള്ള സിനിമകൾ നിങ്ങൾക്ക് നേടിത്തന്നിട്ടില്ല. നിങ്ങളുടെ അത്യാഗ്രഹം നിങ്ങളുടെ അഭിനിവേശത്തേക്കാൾ വലുതാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളെ കാസ്റ്റ് ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.ഇപ്പോൾ AI സഹായത്തോടെ നിങ്ങളുടെ മുഖം മാറ്റി വച്ച് നിങ്ങളെ ഞാൻ നാണക്കേടിൽ നിന്ന് രക്ഷിക്കുമെന്നും സന്ദീപ് റെഡ്‌ഡി വാങ്ക എക്സിൽ കുറിച്ചു.

ഷാഹിദ് കപൂര്‍ പഠിച്ച കോളേജിലെ പ്രൊഫസറായായിരുന്നു ആദില്‍ കബീർ സിങ്ങില്‍ അഭിനയിച്ചത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാരണം ഏറെ വിവാദത്തിലായ സിനിമയായിരുന്നു ഷാഹിദ് കപൂർ നായകനായി എത്തിയ കബീർ സിങ്.

Related Stories

No stories found.
logo
The Cue
www.thecue.in