
നായകനാകാനാണ് താൻ സിനിമയിലേക്ക് വന്നതെന്നും വിജയ് ചെയ്യുന്നത് പോലുള്ള 'ലാർജർ ദാൻ ലൈഫ്' സിനിമകളാണ് തന്നെ ഇൻസ്പയർ ചെയ്തതെന്നും നടൻ സന്ദീപ് പ്രദീപ്. 2019ൽ ഇറങ്ങിയ 'പതിനെട്ടാം പടി'യിലൂടെയാണ് സന്ദീപ് സിനിമ കരിയർ ആരംഭിച്ചത്. അവിടെ നിന്നും ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് വലിയ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പടക്കളത്തിലേക്ക് എത്തുമ്പോഴും നായകനാകണം എന്ന ചിന്ത തന്നെയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് സന്ദീപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സന്ദീപ് പ്രദീപിന്‍റെ വാക്കുകള്‍
നായകനാകണം എന്ന അതിയായ ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ ആളാണ് ഞാൻ. എനിക്ക് പണ്ടുമുതലേ ലാർജർ ദാൻ ലൈഫ് സിനിമകളോട് വലിയ താൽപര്യമായിരുന്നു. ഉദാഹരണത്തിന്, വിജയ് ചെയ്യുന്നത് പോലുള്ള സിനിമകൾ. അതെല്ലാം കണ്ടാണല്ലോ നമ്മൾ വളർന്നത്. അപ്പോൾ അത്തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ ഒരു നായകനാകണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്.
പണ്ട് സിനിമാ മോഹം ഉള്ളിൽ വന്ന സമയത്ത് ഞാനും ആനന്ദ് മേനോനും ചേർന്ന് ഷോട്ട് ഫിലിം ചെയ്യുമായിരുന്നു. അവിടെ നിന്നായിരുന്നു തുടക്കം. അന്ന് നാട്ടുകാരൻ കൂടിയായ തരുൺ മൂർത്തിയുമായി കഥകൾ ഡിസ്കസ് ചെയ്യാറുണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോൾ അതെല്ലാം ഭാഗ്യമായി തോനുന്നു. അഭിനയത്തിലായിരുന്നു അന്ന് തരുൺ കോൺസൻട്രേറ്റ് ചെയ്തിരുന്നത്. പക്ഷെ, പെട്ടന്നായിരുന്നു ഓപ്പറേഷൻ ജാവ പോലൊരു വലിയ സിനിമ ചെയ്യുന്നത്. ഇപ്പോൾ അദ്ദേഹം തുടരം വരെ എത്തി നിൽക്കുന്നു.
പണ്ട് സ്കൂളിൽ ടീച്ചർ ഒരു ദിവസം എല്ലാവരോടുമായി വലുതായാൽ ആരാകണം എന്ന ചോദ്യം ചോദിക്കുകയുണ്ടായി. എല്ലാവർക്കും പറയാൻ പല ഉത്തരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, എനിക്ക് മാത്രം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ, ടീച്ചർ എന്നോട് വന്ന് പറഞ്ഞു, ജീവിതത്തിൽ എന്തെങ്കിലും ഒരു എയിം വേണം, എന്നാലേ മുന്നേറാൻ സാധിക്കൂ എന്നൊക്കെ. എനിക്കാണെങ്കിൽ, ഓരോ സിനിമകൾ കാണുമ്പോഴാണ് എന്തെങ്കിലും ആകണം എന്ന് തോനുന്നത്. സിനിമയിൽ പൊലീസ് ആണെങ്കിൽ, പൊലീസ് ആവാൻ തോന്നും. ഡോക്ടർ ആണെങ്കിൽ അത്. അങ്ങനെ. പിന്നീടാണ് ആലോചിച്ചത് എന്നാൽ പിന്നെ സിനിമ നടൻ ആയാൽ ഇതെല്ലാം ആകാമല്ലോ എന്ന്. അവിടെ നിന്നാണ് അഭിനയിക്കണം, നടനാകണം, നായകനാകണം എന്നൊക്കെയുള്ള തോന്നലുകൾ വന്ന് തുടങ്ങിയത്.