ഞാന്‍ വരുമ്പോള്‍ ആളുകള്‍ കൂടണമെന്നാണ് എന്‍റെ ആഗ്രഹം, അങ്ങനെ ഇല്ലെങ്കിലാണ് പ്രശ്നം: സന്ദീപ് പ്രദീപ്

ഞാന്‍ വരുമ്പോള്‍ ആളുകള്‍ കൂടണമെന്നാണ് എന്‍റെ ആഗ്രഹം, അങ്ങനെ ഇല്ലെങ്കിലാണ് പ്രശ്നം: സന്ദീപ് പ്രദീപ്
Published on

ഓൺലൈൻ മീഡിയകളും ആരാധകരുടെ സെൽഫി ഭ്രമവുമെല്ലാം സെലിബ്രിറ്റികളെ വട്ടമിട്ട് പറക്കുന്ന കാലമാണല്ലോ ഇത്. അതുമൂലം വരുന്ന വിവാദങ്ങൾക്കും യാതൊരു കുറവുമില്ല. എന്നാൽ, താൻ വരുമ്പോൾ ആളുകൾ കൂടുന്നത് ഇഷ്ടമാണെന്നും, ഇനി കൂടിയില്ലെങ്കിലാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചിന്തിക്കാറുള്ളത് എന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് നടൻ സന്ദീപ് പ്രദീപ്. ന​സ്ലൻ ഫോൺ പിടിച്ച് വാങ്ങുന്ന സംഭവം നടന്നപ്പോൾ താനും അവിടെ ഉണ്ടായിരുന്നെന്നും ആര്, ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു

സന്ദീപ് പ്രദീപിന്റെ വാക്കുകൾ

നമുക്ക് ചുറ്റും എപ്പോഴും ക്യാമറ കണ്ണുകളും സെൽഫികളുമെല്ലാം ഉണ്ട് എന്ന് പറയുന്നത് ശരിക്കും പേടിപ്പിക്കുന്ന കാര്യമാണ്. കാരണം, ആളുകൾ നമ്മളെ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന കാര്യത്തെക്കുറിച്ച് എപ്പോഴും നമുക്ക് കോണഷ്യസായി ഇരിക്കാൻ പറ്റിയെന്ന് വരില്ല. എങ്കിലും സത്യസന്ധമായി നിൽക്കുക എന്നത് മാത്രമാണ്. കാരണം, അവരും നമ്മളോടുള്ള ഇഷ്ടം കൊണ്ടാണല്ലോ ഇതൊക്കെ ചെയ്യുന്നത്. അത് രണ്ട് ഭാ​ഗത്തുള്ള ആളുകളും മനസിലാക്കേണ്ടതാണ്.

ന​സ്ലൻ ഫോൺ പിടിച്ച് വാങ്ങുന്ന സംഭവം നടന്നപ്പോൾ ഞാനും അവിടെത്തന്നെ ഉണ്ടായിരുന്നു. അവൻ അങ്ങനെ ഒന്നും വിചാരിച്ച് ചെയ്ത കാര്യമല്ല. പക്ഷെ, ചെയ്തുകഴിഞ്ഞ് എന്നോട് വന്ന് പറഞ്ഞു, 'എടാ, ഇങ്ങനെ ഒരു സംഭവം ഉണ്ടായി' എന്ന്. നമ്മൾ പുറത്തേക്ക് ഇറങ്ങുന്നത് എന്ത് മാനസികാവസ്ഥയുമായാണ് എന്ന് ആരും അറിയുന്നില്ലല്ലോ. ചിലപ്പോൾ നമുക്ക് തന്നെ അത് അറിയണമെന്നില്ല. അറിയാതെ സംഭവിക്കുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് ഓഡിയൻസും ഇക്കാര്യത്തിൽ ക്ഷമ കാണിക്കണം എന്നാണ് എന്റെ പക്ഷം. എന്റെ കാര്യമെടുത്താൽ, ആളുകൾ വന്നില്ലെങ്കിലേ എനിക്ക് വിഷമം ഉള്ളൂ. എന്നെ കാണുമ്പോൾ ആളുകൾ കൂടിക്കോട്ടെ എന്നൊരു മൈൻഡ് ആണ് എനിക്ക്. പക്ഷെ, നമ്മൾ നേരത്തെ പറഞ്ഞ പോലെ, എല്ലാത്തിന്റെയും അടിസ്ഥാനം മാനസികാവസ്ഥയാണ്. അത് എല്ലാവരും മനസിലാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in