
പുതിയ തലമുറയിലെ നടന്മാരുടെ പട്ടികയിൽ ഏവർക്കും ഇഷ്ടമുള്ള നടനാണ് സന്ദീപ് പ്രദീപ്. ഈ വർഷം പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന, പടക്കളം എന്നീ ചിത്രങ്ങളിലൂടെ സന്ദീപ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തിട്ടുണ്ട്. സന്ദീപിന്റെ കരിയറിലെ ഗെയിം ചേഞ്ചർ എന്ന് വിളിക്കാം നിഥിഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി എന്ന സിനിമയെ. ഫാലിമിയിലേക്ക് താൻ എത്തുന്നത് ചെയ്തുകൊണ്ടിരുന്ന ജോലി രാജിവെച്ച് കൊണ്ടായിരുന്നു എന്നും അത് വല്ലാത്തൊരു സമയം ആയിരുന്നുവെന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് സന്ദീപ് പ്രദീപ്.
സന്ദീപ് പ്രദീപിന്റെ വാക്കുകൾ
കൊവിഡ് സമയം ശരിക്കും ഒരു ടേണിങ് പോയിന്റായിരുന്നു. ആ സമയം ആകുമ്പോഴേക്കും ഞാൻ പതിനെട്ടാം പടി അഭിനയിച്ച്, അന്താക്ഷരിയും കഴിഞ്ഞ് നിൽക്കുകയായിരുന്നു. കൊവിഡ് വന്നതും എല്ലാം പെട്ടെന്ന് സ്റ്റോപ്പായി. വീട്ടിലെ സ്ഥിതിയും എല്ലാം മനസിലാക്കി ഞാൻ ബാംഗ്ലൂരിലുള്ള ഒരു എം.എൻ.സിയിൽ വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലിക്ക് പോയി. വല്ലാത്ത കഷ്ടപ്പാടായിരുന്നു അപ്പോൾ. ചെയ്യുന്ന ജോലികൾ എക്സെൽ ഷീറ്റിൽ അടയാളപ്പെടുത്തുക, ജോലിയുടെ ടൈമിങ്, റിപ്പോർട്ട്. ഇതൊന്നും എനിക്ക് ചെയ്യാൻ യാതൊരു താൽപര്യവും ഇല്ലാത്ത കാര്യമായിരുന്നു.
അവിടെവച്ച് ഫാലിമി സിനിമയുടെ സംവിധായകൻ നിഥിഷ് സഹദേവിനെ ഇടയ്ക്ക് വിളിക്കുമായിരുന്നു. ഫാലിമി നേരത്തെ ഓൺ ആയി ഓഫ് ആയ ഒരു സിനിമയായിരുന്നു. ഞാൻ നിഥിഷേട്ടനെ വിളിച്ച് ചോദിക്കും, 'എങ്ങനെയെങ്കിലും ഫാലിമി ഒന്ന് ഓൺ ആക്കാമോ? എനിക്കിവിടെ മടുത്തു, തിരിച്ച് വരണം' എന്നൊക്കെ. പുള്ളി പറയും, 'ട്രൈ ചെയ്യുന്നുണ്ട്, മാക്സിമം സ്പീഡാക്കാം' എന്നൊക്കെ. അങ്ങനെ ഒരു ഒന്നര വർഷമൊക്കെ കഴിഞ്ഞ് നിഥിഷേട്ടൻ വിളിച്ച് പറയുന്നു, 'ഫാലിമി ഏകദേശം ഓൺ ആയ മട്ടാണ്. റിസൈൻ ചെയ്തോ..' എന്ന്. അപ്പോഴും എനിക്ക് നല്ല ഡൗട്ടുണ്ട്. കാരണം, റിസൈൻ ചെയ്ത് പോയാൽ പിന്നെ ഇതിലേക്കൊരു തിരിച്ച് വരവില്ല. ഡൂ ഓർ ഡൈ സിറ്റുവേഷൻ ആയിരുന്നു. കൺഫ്യൂഷൻ അടിച്ച് നിൽക്കുമ്പോൾ വീണ്ടും നിഥിഷേട്ടൻ പറയുന്നു, 'റിസ്ക് എടുക്കാം, ഓൺ ആവും' എന്ന്. അങ്ങനെ റിസൈൻ ചെയ്ത് വന്ന് ചെയ്ത ഫാലിമിയാണ് കരിയറിന്റെ ഒരു ബ്രേക്ക് ത്രൂ മൊമന്റ്.