
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് നസ്ലന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയാണ് ആലപ്പുഴ ജിംഖാന. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിന് ശേഷം നിരവധി തരത്തിലുള്ള വിമര്‍ശനങ്ങളാണ് നടന്‍ നസ്ലനെതിരെ ഉയരുന്നത്. നസ്ലന്‍റെ പ്രകടനത്തെ സന്ദീപിന്‍റേതുമായി താരതമ്യം ചെയ്തും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. ഇത്തരം താരതമ്യങ്ങളും ട്രോളുകളുമൊന്നും താനും നസ്ലനും തമ്മിലുള്ള സൗഹൃദത്തില്‍ യാതൊരു പ്രശ്നവും വരുത്തിയിട്ടില്ലെന്ന് സന്ദീപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സന്ദീപ് പ്രദീപിന്‍റെ വാക്കുകള്‍
ഞാനും നസ്ലനും തമ്മില്‍ ഇക്കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ഞങ്ങള്‍ക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. അതിലേക്ക് ഞങ്ങളെക്കുറിച്ച് വരുന്ന ട്രോളുകള്‍ ആരെങ്കിലുമൊക്കെ എടുത്തിടും. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല. നസ്ലന്‍ പോപ്പുലറായ ഒരു സ്റ്റാറാണ്. ഞാന്‍ ഇപ്പോള്‍ വന്നതേയുള്ളൂ. അങ്ങനെ പുതിയൊരു ആള്‍ വരുമ്പോള്‍ കമ്പാരിസണ്‍ വരുന്നത് സ്വാഭാവികമാണ്. അത് ഇനീഷ്യല്‍ സ്റ്റേജില്‍ വരുന്ന ഒരു കാര്യമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു സിനിമ ഇറങ്ങിയാല്‍ പോലും അതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. ആ വേര്‍തിരിവ് എല്ലാ മേഖലയലുമുണ്ട്.
നേരത്തെ, ഒരു നായകസ്ഥാനം എന്ന് പറയുന്നത് 28 വയസിന് മുകളിലേക്കായിരുന്നു. അതിന് താഴെയുള്ള നടന്മാരുടെ സിനിമകള്‍ക്ക് പലപ്പോഴും 'പിള്ളേരുടെ പടം' എന്നൊരു ടാഗ് ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ അത് ടീനേജ് ഡ്രാമകളായി. അതിലൂടെ ടീനേജ് ഹീറോസ് വന്ന് തുടങ്ങി. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് നസ്ലന്‍. അതിന് ശേഷമാണ് ഞാനടക്കം ഉള്ളവര്‍ വന്ന് തുടങ്ങിയത്. പുതിയ ആക്ടേഴ്സ് വരുമ്പോള്‍ പുതിയ കഥകള്‍ നമുക്ക് ഈ ടീനേജ് ഡ്രാമ ക്യാറ്റഗറിയില്‍ പറയാന്‍ സാധിക്കുന്നു. ഇനിയും പുതിയ താരങ്ങള്‍ വരട്ടെ എന്നേ എനിക്കും പറയാനുള്ളൂ. ഇതിന്‍റെ പേരില്‍ ഞാനും നസ്ലനും തമ്മിലുള്ള സൗഹൃദത്തില്‍ യാതൊരു കോട്ടവും തട്ടിയിട്ടില്ല. സന്ദീപ് കൂട്ടിച്ചേര്‍ത്തു