ആലപ്പുഴ ജിംഖാന എനിക്ക് ലഭിച്ച അം​ഗീകാരം, അതിന് പിന്നിൽ ഒരു കാരണമുണ്ട്: സന്ദീപ് പ്രദീപ്

ആലപ്പുഴ ജിംഖാന എനിക്ക് ലഭിച്ച അം​ഗീകാരം, അതിന് പിന്നിൽ ഒരു കാരണമുണ്ട്: സന്ദീപ് പ്രദീപ്
Published on

ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ ഒരു നടൻ എന്ന നിലയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സന്ദീപ് പ്രദീപ്. ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം തുങ്ങിയ സിനിമകളിലൂടെ സന്ദീപ് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു. ആലപ്പുഴ ജിംഖാനയ്ക്കായി ഏകദേശം ഒരു വർഷത്തോളക്കാലം മാറ്റിവച്ചത് ആ സിനിമയോടുള്ള വിശ്വാസം കൊണ്ടാണെന്നും സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തത്, ഒരു നടനെന്ന നിലയിൽ ഉത്തരവാദിത്തത്തേക്കാൾ അം​ഗീകാരമായാണ് കാണുന്നത് എന്നും സന്ദീപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സന്ദീപ് പ്രദീപിന്റെ വാക്കുകൾ

ചെറുപ്പത്തിൽ ചില കാര്യങ്ങൾ ടിവിയിൽ കാണുമ്പോൾ നമുക്കും അതുപോലൊക്കെ ചെയ്യണം എന്നൊരു തോന്നൽ ഉണ്ടാകുമല്ലോ. ഉദാഹരണത്തിന്, ദം​ഗൽ, സഞ്ജു സിനിമയ്ക്കായി റൺബീർ നടത്തിയ ട്രാൻസ്ഫർമേഷൻ, അതുപോലെ ഒരു സിനിമയ്ക്കായി നമ്മൾ സ്വയം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്കും എന്നെങ്കിലും ഏതെങ്കിലും ഇന്റർവ്യുവിൽ ഇരുന്ന് പറയണം എന്നൊക്കെ ഉണ്ടാകില്ലേ. അഞ്ച് മാസം വർക്കൗട്ട്. അതു കഴിഞ്ഞ് 100 ദിവസം ഷൂട്ട്. അത്രയും എഫേർട്ട് ഒരു സിനിമയ്ക്ക് കൊടുക്കണമെങ്കിൽ, അത്രയും ഡേറ്റ് മാറ്റി വെക്കണമെങ്കിൽ, അത് അത്രമാത്രം സോളിഡായ ഒരു വർക്ക് ആയിരിക്കണം. അതുകൊണ്ടുതന്നെ, ആലപ്പുഴ ജിംഖാന ഒരു ഭാ​ഗ്യമായാണ് കരുതുന്നത്. ഇത്രയും നല്ല സ്റ്റാർ കാസ്റ്റുള്ള ഒരു സിനിമയിലേക്ക് എന്നെ വിളിച്ചത് ഉത്തരവാദിത്തം എന്നതിനപ്പുറത്തേക്ക് ഒരു അം​ഗീകാരമായാണ് ഞാൻ കരുതുന്നത്.

വർക്കൗട്ടിന്റെ സമയത്ത്, വെയ്റ്റ് ട്രെയിനിങ്ങിന് ശേഷം കോച്ച് ജോഫിൻ ഞങ്ങളെ പഴംപൊരിയും ബീഫും കഴിക്കാനായി കൊണ്ടുപോകും. ഫ്രഞ്ച് ബീഫ് എന്നൊരു സാധനം പുള്ളിയാണ് വാങ്ങിത്തരുന്നത്. പക്ഷെ, അതിന്റെ ഇരട്ടി പണി അടുത്ത ദിവസം എടുപ്പിക്കും. പിന്നെപ്പിന്നെ ഞങ്ങൾക്ക് കാര്യങ്ങൾ പിടികിട്ടി. നമ്മൾ തന്നെ പിന്നീട് പറയാൻ തുടങ്ങി, 'വേണ്ട കോച്ചേ' എന്ന്.. ഷൂട്ടിന് മാസങ്ങൾക്ക് മുമ്പേ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നതുകൊണ്ട് ഒരു ടൂർ പോകുന്ന ലാഘവത്തിലായിരുന്നു ഷൂട്ടിന് വന്നത്. സന്ദീപ് പ്രദീപ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in