
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സംവൃത സുനില്‍. തന്‍റെ കരിയറിലെ ആദ്യത്തെ വലിയ ഹിറ്റാണ് ചോക്ലേറ്റ് എന്നും ആ സിനിമയാണ് താന്‍ ആദ്യമായി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമയെന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് സംവൃത
സംവൃത സുനിലിന്‍റെ വാക്കുകള്‍
എന്റെ കരിയറിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയും, തിയറ്ററിലെ ആഘോഷവും ആദ്യമായി കാണുന്നത് ചോക്ലേറ്റ് എന്ന സിനിമയിലൂടെയാണ്. മറ്റൊരു സിനിമയും ഞാൻ ആദ്യ ഷോ തന്നെ കണ്ടിട്ടില്ല, അങ്ങനെ ആദ്യ ദിവസം തന്നെ പോയി കാണേണ്ട സിനിമകൾ ഒന്നും ആയിരുന്നില്ല ബാക്കിയുള്ളത് ഒന്നും. തിയറ്ററിൽ ആ ബഹളത്തിന് ഇടയിൽ നിന്നുകൊണ്ട് സ്വന്തം സിനിമ കാണുന്നതും ഞങ്ങളെ അവിടെ നിന്നും തിരക്കിനിടയിലൂടെ കൊണ്ട് പോയതും എല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ ആണ്. മാത്രമല്ല, ആ തിരക്ക് കേരളം മുഴുവൻ ദിവസങ്ങളോളം നിന്നു. ഒരുപാട് സ്ഥലങ്ങളിൽ തിയറ്റർ വിസിറ്റിനു പോയിരുന്നു. അപ്പോഴെല്ലാം നിറഞ്ഞ സദസ്സ് ആയിരുന്നു. 100 ദിവസത്തിന് മുകളിൽ റണ്ണിംഗ് ഉണ്ടായിരുന്ന സിനിമ ആയിരുന്നു. നൂറാം ദിവസം ഞങ്ങൾ ഏതോ ഒരു തിയറ്ററിൽ ആണ് അതിന്റെ ആഘോഷം നടത്തിയതും.
സച്ചി - സേതു എന്നിവര്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചോക്ലേറ്റ്. പൃഥ്വിരാജ്, ജയസൂര്യ, റോമ, സംവൃത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ അക്കാലത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. അലക്സ് പോള്‍ സംഗീതം നല്‍കിയ ആല്‍ബവും മലയാളക്കരയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.