വിദ്യാസാഗറിന്‍റെ ആ പാട്ടാണ് ഞാന്‍ അഭിനയിച്ച സിനിമകളിലെ പേഴ്സണല്‍ ഫേവറേറ്റ്: സംവൃത സുനില്‍

വിദ്യാസാഗറിന്‍റെ ആ പാട്ടാണ് ഞാന്‍ അഭിനയിച്ച സിനിമകളിലെ പേഴ്സണല്‍ ഫേവറേറ്റ്: സംവൃത സുനില്‍
Published on

ഡയമണ്ട് നെക്ലസിലെ 'നിലാമലരേ' എന്ന ​ഗാനമാണ് താൻ അഭിനയിച്ച സിനിമകളിലെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് നടി സംവൃത സുനിൽ. വിദ്യാസാ​ഗറിന്റെ പാട്ടുകളുടെ ഭാ​ഗമാകാൻ സാധിച്ചത് തന്നെ വലിയ ഭാ​ഗ്യമാണ്. പാട്ടുകളിലൂടെയാണ് താൻ ആളുകൾക്ക് സുപരിചിതയായതെന്നും അതിൽ 'മുറ്റത്തെത്തും തെന്നലെ'യും 'പച്ചപ്പനം തത്ത'യുമെല്ലാം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സംവൃത സുനിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സംവൃത സുനിലിന്റെ വാക്കുകൾ

വിദ്യാസാ​ഗറിന്റെ ഈണത്തിൽ പുറത്തുവന്ന രണ്ടിൽ കൂടുതൽ സിനിമകളുടെ ഭാ​ഗമാകാൻ സാധിച്ചു എന്നത് തന്നെ വലിയ ഭാഗ്യമാണ്. ആ പാട്ടുകൾ എടുത്ത് നോക്കിയാൽ, എന്റെ ആദ്യത്തെ സിനിമയായ രസികൻ തന്നെ വിദ്യാസാ​ഗർ മ്യൂസിക്കലാണ്. അതിന് ശേഷം വന്ന ചന്ദ്രോത്സവത്തിലെ പാട്ടും വലിയ അം​ഗീകാരങ്ങൾ നേടിത്തന്നു. അന്ന് അത് ഷൂട്ട് ചെയ്യുമ്പോൾ എങ്ങനെ അത് സ്ക്രീനിൽ വരുമെന്നോ അത് ഏത് തരത്തിലുള്ള ഫീൽ തരുമെന്നോ ആർക്കും ഒന്നും അറിയില്ലായിരുന്നു. പക്ഷെ, അന്നത്തെക്കാൾ കൂടുതൽ ഇന്നാണ് ആ പാട്ട് ആളുകൾ ഏറ്റെടുത്തത്. രസികൻ ഒന്നാമത്തെ സിനിമ ആയിരുന്നെങ്കിലും ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങുന്നത് നോട്ടം എന്ന സിനിമയിലെ പച്ചപ്പനം തത്തേ എന്ന പാട്ടിലൂടെയാണ്. പക്ഷെ, എന്തൊക്കെ ആണെങ്കിലും ഡയമണ്ട് നെക്ലസിലെ നിലാമലരേ എന്ന പാട്ടാണ് എന്റെ പേഴ്സണൽ ഫേവറേറ്റ്.

നോട്ടം ഷൂട്ട് ചെയ്യുമ്പോൾ, അത് എന്റെ തുടക്കകാലം കൂടിയായിരുന്നു. എന്റെ കൂടെ അഭിനയിച്ച വ്യക്തിയുടെ ആദ്യത്തെ പടമായിരുന്നു. അപ്പോൾ ഞാനാണ് സീനിയർ. അതിന്റെ ഒരു കോൺഫിഡൻസ് എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. മാത്രമല്ല, സീനിയർ താരങ്ങളോടൊപ്പമായിരുന്നു അന്ന് സ്ക്രീൻ ഷെയർ ചെയ്യേണ്ടിയിരുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാർ എല്ലാം സിനിമയുടെ ഭാ​ഗമായിരുന്നു. പാട്ടിൽ ഇല്ലെങ്കിലും അവർ ഷൂട്ടിങ് സെറ്റിൽ തന്നെ ഉണ്ടാകുമായിരുന്നു. നല്ലത് ചെയ്ത് അവരത് നല്ലതാണ് എന്ന് പറയുമ്പോൾ, നമുക്ക് ആത്മവിശ്വാസം ഇരട്ടിയാകും. രസികൻ ആയിരുന്നു ആദ്യത്തെ സിനിമ എങ്കിലും, അതിലെ കഥാപാത്രത്തെ ആളുകൾ സ്വീകരിക്കാൻ തുടങ്ങിയത് പിന്നീടായിരുന്നു. പക്ഷെ, 'പച്ചപ്പനനം തത്തേ' പാട്ട് ആളുകളുടെ സ്നേഹം അപ്പോൾ തന്നെ എനിക്ക് നേടിത്തന്നു. അത് എന്റെ ആദ്യത്തെ എക്സ്പീരിയൻസ് കൂടിയായിരുന്നു. പുറത്ത് പോകുമ്പോൾ, ആളുകൾക്ക് എന്റെ പേര് അറിയില്ലെങ്കിലും, 'പച്ചപ്പനം തത്തേ' എന്ന് വിളിക്കുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in