ബജറ്റ് 300 കോടി, 'സാമ്രാട്ട് പൃഥ്വിരാജ്' നേടിയത് 55 കോടി; നൂറ് കോടി വാങ്ങിയ അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

ബജറ്റ് 300 കോടി, 'സാമ്രാട്ട് പൃഥ്വിരാജ്' നേടിയത് 55 കോടി; നൂറ് കോടി വാങ്ങിയ അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായ ബിഗ് ബജറ്റ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. 300 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 55 കോടി മാത്രമാണ്. അക്ഷയ് കുമാറിന്റെ സിനിമ ജീവിതത്തില്‍ വലിയൊരു പരാജയം തന്നെയാണ് 'സാമ്രാട്ട് പൃഥ്വിരാജ്'.

സിനിമ വലിയ പരാജയമായതിനെ തുടര്‍ന്ന് അക്ഷയ് കുമാറിനെതിരെ ഇപ്പോള്‍ വിതരണക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നൂറ് കോടി പ്രതിഫലം വാങ്ങിയ അക്ഷയ് കുമാര്‍ തങ്ങളുടെ നഷ്ടം നികത്താന്‍ തയ്യാറാകണമെന്നാണ് വിതരണക്കാര്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

''അക്ഷയ് കുമാര്‍ ചെയ്യേണ്ടത് നഷ്ടം നികത്തലാണ്. തെന്നിന്ത്യയില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങള്‍ സഹിക്കാറുണ്ട്. അദ്ദേഹത്തിന്റെ 'ആചാര്യ' പരാജയമായപ്പോള്‍ വിതരണക്കാരുടെ നഷ്ടം ഏറ്റെടുത്ത് പ്രതിഫലം തിരിച്ചുകൊടുത്തു. ഹിന്ദി സിനിമയില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്ററുകാരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങള്‍ മാത്രം എന്തിനാണ് സഹിക്കുന്നത് അക്ഷയ് കുമാര്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഈയിടെയുണ്ടായ പരാജയത്തില്‍ ചിലര്‍ പാപ്പരാകുക വരെ ചെയ്തു''വെന്ന് ബിഹാറിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ റോഷന്‍ സിങ് പറയുന്നു.

അതേസമയം സാറ്റ്‌ലൈറ്റ്, ഓവര്‍സീസ്, ഒടിടി അവകാശങ്ങള്‍ക്കായി ലഭിച്ച തുക കൂട്ടിയാല്‍ പോലും സാമ്രാട്ട് പൃഥ്വിരാജിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ബജറ്റ് കൂടാന്‍ കാരണം അക്ഷയ് കുമാറിന്റെ പ്രതിഫലവും വിഎഫ്എക്‌സുമാണ്. സിനിമ റിലീസ് ദിവസം മുതല്‍ തന്നെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കുറവായിരുന്നു. സിനിമ കാണാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തില്‍ മോണിംഗ് ഷോകള്‍ കാന്‍സല്‍ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

ചന്ദ്ര പ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ 3നാണ് റിലീസ് ചെയ്തത്. മാനുഷി ഛില്ലര്‍, സോനു സൂദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in