'മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണ്'; സൂപ്പര്‍ ഡീലക്‌സില്‍ ഫഹദിന്റെ അഭിനയം കണ്ടു അത്ഭുതപ്പെട്ടുവെന്ന് സമാന്ത

'മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണ്'; സൂപ്പര്‍ ഡീലക്‌സില്‍ ഫഹദിന്റെ അഭിനയം കണ്ടു അത്ഭുതപ്പെട്ടുവെന്ന് സമാന്ത

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സില്‍ അഭിനയിക്കുമ്പോള്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സമാന്ത. ഫഹദിന്റെ അഭിനയത്തിന് എപ്പോഴും ഒരു പുതുമായുണ്ടാകും, ഇനിയുമൊരവസരം ലഭിക്കുമെങ്കില്‍ ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാനാഗ്രഹമുണ്ട്. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയമറിയാവുന്ന പോലെ തോന്നിക്കുന്നുവെന്നും സമാന്ത പറഞ്ഞു.

മലയാളം അഭിനേതാക്കള്‍ എന്നും തനിക്ക് പ്രചോദനമാണെന്നും സമാന്ത പറഞ്ഞു. തന്റെ അഭിനയം ആവര്‍ത്തനവിരസമാകുമ്പോള്‍ മലയാളം സിനിമകള്‍ കാണും. മലയാള സിനിമകള്‍ പാഠാനുഭവങ്ങളാണ്. മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണ്. നിര്‍ഭാഗ്യവശാല്‍ സബ്‌ടൈറ്റില്‍സ് വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും കണ്ടിട്ടുണ്ടെന്നും സമാന്ത പറയുന്നു.

എന്റെ അമ്മ ആലപ്പുഴക്കാരിയാണ്. എന്തുകൊണ്ട് എന്നെ മലയാളം പഠിപ്പിച്ചില്ല എന്ന് ഞാന്‍ അമ്മയോട് സ്ഥിരം ചോദിക്കാറുണ്ട്. മലയാളത്തില്‍ ഒരവസരം ലഭിച്ചാല്‍ ഞാന്‍ മലയാളം പഠിച്ച്, സ്വയം ഡബ്ബ് ചെയ്യും.

സമാന്ത

തന്റെ പുതിയ സിനിമയായ 'ശാകുന്തള'ത്തിന്റെ പ്രചാരണത്തിന് വേണ്ടി കേരളത്തിൽ എത്തിയതാണ് സമാന്ത. കേരളത്തില്‍ തന്റെയൊരു സിനിമ റിലീസ് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ചിത്രീകരണത്തിന് മുന്‍പ് എങ്ങനെയാണോ ഈ സിനിമ ഞങ്ങള്‍ സങ്കല്പിച്ചത്, അതേ പോലെ തന്നെയാണ് വന്നിട്ടുള്ളതെന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ശകുന്തളയെയാണ് സമാന്ത അവതരിപ്പിക്കുന്നത്. ദേവ് മോഹൻ ദുഷ്യന്തനാകുന്നു. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര.

അദിതി ബാലന്‍, മോഹന്‍ ബാബു, പ്രകാശ് രാജ്, അനന്യ നാഹല്ലെ, മധു ബാല എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

രുദ്രമ്മാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുരാണത്തില്‍ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ശാകുന്തളത്തിന്റെ കഥ പറയുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗുണ ടീംവര്‍ക്ക്സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in