'വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ, അതിഭീകരമായ വയലൻസാണ് സിനിമയിൽ': സലിം കുമാർ

'വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ, അതിഭീകരമായ വയലൻസാണ് സിനിമയിൽ': സലിം കുമാർ
Published on

ഇന്നത്തെ മലയാള സിനിമയിൽ വയലൻസ് കൂടുന്നുവെന്ന് നടൻ സലിം കുമാർ. ഇന്നത്തെ സിനിമകൾ കൂടുതലും വയലൻസിന്റെ സ്വഭാവമുള്ളതാണ്. വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ. ആളുകളുടെ ആസ്വാദനം എവിടെ എത്തി നിൽക്കുന്നു എന്ന് ശ്രദ്ധിക്കണം. ചിരിയുള്ള ഒരു സിനിമ വന്നിട്ട് കാലങ്ങൾ കുറെയായി. പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദോഹയിൽ വെച്ച് നടന്ന സാഹിബും സ്രാങ്കും എന്ന പരിപാടിയിൽ സലിം കുമാർ പറഞ്ഞു. എം.പി.അബ്ദുൽ സമദ് സമദാനിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിലാണ് സിനിമകളിലെ വയലൻസിനെക്കുറിച്ച് സലിം കുമാർ സംസാരിച്ചത്.

സലിം കുമാർ പറഞ്ഞത്:

ഇന്നത്തെ സിനിമയിൽ ഒരുപാട് വയലൻസാണ്. വെട്ടിക്കൂട്ടി ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ. ഇവരുടെയെല്ലാം ആസ്വാദനം എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കണം. ചിരിയുള്ള ഒരു സിനിമ വന്നിട്ട് എത്ര കാലമായി. കാരണം ഇവരുടെ കയ്യിൽ മുഴുവൻ ഈ വയലൻസും സ്റ്റണ്ടുമാണ്. നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിൽ.

അതേസമയം ഇന്ത്യയിലെ ഏറ്റവും വയലൻസുള്ള ചിത്രം എന്ന ടാഗോടെ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വലുതാണ്. 100 കോടി കളക്ഷൻ പിന്നിട്ട മാർക്കോയ്ക്ക് ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 30 തിയറ്ററുകളിൽ നിന്ന് പ്രദർശനം ആരംഭിച്ച ചിത്രം ഇന്ന് ഉത്തരേന്ത്യയിൽ മുന്നൂറോളം തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഹിറ്റ് ചിത്രമായ കെ ജി എഫിന്റെ സംഗീത സംവിധായകൻ രവി ബസ്‌റൂറാണ് മാർക്കോയുടെയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മാർക്കോയ്ക്ക് 4 ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. "സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളരുതെന്ന് ഇന്നത്തെ യുവാക്കളെ പഠിപ്പിക്കേണ്ട കാര്യമില്ല. അത്രയും കഴിവും അറിവും ഉള്ളവരാണ് അവർ. സിനിമ എന്താണെന്നും റിയാലിറ്റി എന്താണെന്നും ഇന്നത്തെ കുട്ടികൾക്കറിയാം"; ഗോൾഡ് 101.3 എഫ്എമ്മിന്‌ നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in