ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ സലീം അഹമ്മദിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ന്യൂട്ടൺ സിനിമ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച കാസർഗോഡ് ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ന്യൂട്ടൺ സിനിമയുടെ അഞ്ചാമത്തെ നിർമാണ ചിത്രമാണ് ഇത്. രണ്ട് തവണ ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. ആദാമിന്റെ മകൻ അബു എന്ന സിനിമ ഓസ്‌കാറിൽ എത്തിച്ചപ്പോഴുള്ള യഥാർത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള " ആൻഡ് ദി ഓസ്‌കാർ ഗോസ് ടു" എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
സലീം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകൻ അബു ഇന്ത്യയുടെ 2011ലെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിരുന്നു. കുഞ്ഞനന്തന്റെ കട, പത്തേമാരി, ആൻഡ് ദ് ഓസ്കാർ ഗോസ് ടൂ എന്നിവയാണ് സലീം അഹമ്മദ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. ന്യൂട്ടൺ സിനിമ നിർമ്മിച്ച ഫാമിലി, പാരഡൈസ് എന്നീ ചിത്രങ്ങൾ കഴിഞ്ഞ വർഷം തിയറ്ററുകളിൽ എത്തുകയും, നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. 2022-ൽ വരുൺ ഗ്രോവറിന്റെ ഹിന്ദി ഷോർട്ട് ഫിലിം കിസ്സ് നിർമിച്ചു കൊണ്ടാണ് ന്യൂട്ടൺ സിനിമ നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായി എത്തിയ ആൻഡ് ദ് ഓസ്കാർ ഗോസ് ടു’. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിൽ ഒരു ചലച്ചിത്ര സംവിധായകനായാണ് ടൊവിനോ തോമസ് എത്തിയത്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമായ പാരഡെെസ് ആണ് ന്യൂട്ടൺ സിനിമാസിന്റേതായി ഒടുവിൽ എത്തിയ ചിത്രം. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളിയായ ടി വി പ്രൊഡ്യൂസർ കേശവിന്റെയും വ്ലോഗറായ അയാളുടെ പങ്കാളി അമൃതയുടെയും ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിലാണ് റിലീസിനെത്തിയത്.