
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. ഫിലിം ചേംബർ ബൈലോ പ്രകാരം തന്റെ ആപ്ലിക്കേഷൻ സാധുവാണ്. പിന്നെ എന്തിന് ഇത്തരം ഒരു പരാതിയുമായി മനോജ് റാംസിംഗ് വന്നു. മനോജും അനിൽ തോമസുമെല്ലാം ചേർന്നുള്ള ഗൂഢാലോചനയാണിത് എന്ന് എല്ലാവർക്കും അറിയാം. താൻ മത്സരരംഗത്ത് ഉണ്ടാകുമെന്നും സജി നന്ത്യാട്ട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
'ഗൂഢാലോചന ഇല്ലെന്ന് മനോജ് പറഞ്ഞാൽ മതിയോ. ഗൂഢാലോചന ഇല്ലാത്തതുകൊണ്ടാണോ പ്രൊപ്രൈറ്റര്‍ എന്നുള്ളതിന് പകരം പാർട്ണർ എന്നായി പോയി എന്ന തെറ്റ് ആറുമാസത്തിന് ശേഷം കണ്ടുപിടിച്ചുകൊണ്ട് വന്നത്. അത് ഗൂഢാലോചന അല്ലെന്നാണോ? ഏതെങ്കിലും ഒരു കള്ളൻ താൻ മോഷ്ടിച്ച് എന്ന് സമ്മതിക്കുമോ? ഫിലിം ചേംബർ ബൈലോ പ്രകാരം എന്റെ ആപ്ലിക്കേഷൻ സാധുവാണല്ലോ. ഈ വ്യക്തിയും അനിൽ തോമസുമെല്ലാം ചേർന്ന് നടത്തിയിരിക്കുന്നത് ഗൂഢാലോചന തന്നെയല്ലേ. അത് ആർക്കാണ് അറിയാത്തത്. എക്സിക്യൂട്ടീവിലെ എല്ലാവരും പറഞ്ഞില്ലേ ഈ പ്രവർത്തി ശരിയല്ല എന്ന്. ഒരു അക്ഷരത്തെറ്റ് മാത്രമാണ് സംഭവിച്ചത്. അത് അത്ര വലിയ പാതകമാണോ? ഇവിടെ തിരിച്ചറിയൽ രേഖകളിൽ തെറ്റ് വരാറില്ലേ. അപ്പോൾ എന്ത് ചെയ്യും. അത് തിരുത്തും. അതുപോലെ ഞാനും തിരുത്തൽ വരുത്തിയല്ലോ,' സജി നന്ത്യാട്ട് പറഞ്ഞു.
'ഞാൻ പ്രസിഡന്റ് ആവരുത് എന്ന അനിൽ തോമസിന്റെ ആഗ്രഹമാണ് ഇതിന് കാരണം. ഫിലിം ചേംബർ നല്ല രീതിയിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ ചില താപ്പാനകൾക്ക് അത് ഇഷ്ടമാകുന്നില്ല. ഈ ആരോപണങ്ങളിൽ എന്താണ് തെളിവ് ഒന്നും കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഈ മനോജ് റാംസിംഗ് എന്ന വ്യക്തി ഇതുപോലെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണ്. അതിനാലാണ് അയാളെ അവർ എനിക്കെതിരെ ഉപയോഗിച്ചതും. എന്ത് തന്നെയായാലും ഞാൻ ചേംബറിൽ മത്സരിക്കുന്നുണ്ട്. ബാക്കി നമുക്ക് കാണാം,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.