
വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ വിമർശനവുമായി നടി സായ് പല്ലവി. വികടൻ എന്ന തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്ത വ്യാജ വാർത്തയ്‌ക്കെതിരെയായിരുന്നു നടിയുടെ വിമർശനം. ബോളിവുഡ് ചിത്രമായ രാമായണയിൽ അഭിനയിക്കുന്നതിനായി നടി മാംസാഹാരം കഴിക്കുന്നത് നിർത്തിയിരിക്കുകയാണെന്നും ഹോട്ടലിൽ നിന്ന് പോലും ഭക്ഷണം കഴിക്കാറില്ലെന്നുമാണ് 'വികടൻ' വാർത്ത നൽകിയത്. ഇതിനെതിരെയാണ് സായ് പല്ലവി രംഗത്തെത്തിയത്. എക്സിലൂടെ നടി മാധ്യമത്തെ വിമർശിച്ചത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
'എന്നെ സംബന്ധിച്ച ഇതുപോലുള്ള തെറ്റായ വാർത്തകൾ കേൾക്കുമ്പോൾ മിണ്ടാതിരിക്കുകയായിരുന്നു ഞാൻ. എന്നാൽ തുടർച്ചയായി ഇത് സംഭവിക്കുകയാണ്. ഇനിമുതൽ ഏതെങ്കിലും പേജോ മാധ്യമമോ എന്നെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ നിയമപരമായി അതിനെ നേരിടും'- എന്നാണ് സായ് പല്ലവി എക്‌സിൽ കുറിച്ചത്.
സായ് പല്ലവിയുടെ എക്സിലെ കുറിപ്പിന്റെ പൂർണ്ണരൂപം:
മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികൾ / കെട്ടിച്ചമച്ച നുണകൾ / തെറ്റായ പ്രസ്താവനകൾ ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഇത് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികരിക്കേണ്ട സമയമായി എന്ന് തോന്നുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അത് നിർത്തുമെന്ന് തോന്നുന്നില്ല; പ്രത്യേകിച്ച് എൻ്റെ സിനിമകളുടെ റിലീസുകൾ/ പ്രഖ്യാപനങ്ങൾ/ എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങൾ എന്നിവയെ സംബന്ധിച്ച് അടുത്ത തവണ ഏതെങ്കിലും "പ്രശസ്ത" പേജോ മാധ്യമമോ/ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിൻ്റെയോ പേരിൽ മോശമായ ഒരു കഥയുമായി വരുന്നത് കണ്ടാൽ നിയമപരമായി അതിനെ നേരിടും.
സായ് പല്ലവി നായികയായി എത്തുന്ന 'രാമായണ' വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തായത് സമീപകാലത്ത് വലിയ വാർത്തയായിരുന്നു. അതേ സമയം സായ് പല്ലവി നായികയായി എത്തിയ അമരൻ വലിയ വിജയമാണ് നേടിയത്. ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രാജ്കുമാർ പെരിയസാമിയായിരുന്നു. തമിഴ് നാട്ടിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടുന്ന ചിത്രമായി അമരൻ മാറിയിരുന്നു. ശിവകാർത്തികേയന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും അമരാൻ തന്നെയാണ്.