'ശക്തമായ സിനിമകള്‍ മാറ്റത്തിന് കാരണമാകും'; ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് ഷങ്കര്‍

'ശക്തമായ സിനിമകള്‍ മാറ്റത്തിന് കാരണമാകും'; ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് ഷങ്കര്‍

ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണെന്ന് സംവിധായകന്‍ എസ് ഷങ്കര്‍. ശക്തമയ സിനിമകള്‍ക്ക് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ജയ് ഭീം തെളിയിച്ചിരിക്കുകയാണെന്നും ഷങ്കര്‍ അഭിപ്രായപ്പെട്ടു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് 'ജയ് ഭീം'. സിനിമയിലൂടെ തമിഴ്‌നാട്ടിലെ ഇരുള ഗോത്രവര്‍ഗക്കാര്‍ കാലങ്ങളായി നേരിടുന്ന ചൂഷണങ്ങളെ സമൂഹത്തിന് മുന്നില്‍ ജ്ഞാനവേല്‍ പച്ചയായി ചിത്രീകരിക്കുകയായിരുന്നു. റിലീസിന് പിന്നാലെ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

'ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ്. മനസിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന സിനിമ. വളരെ റിയലിസ്റ്റിക്കായും സൂക്ഷ്മമായുമാണ് ജ്ഞാനവേല്‍ ജയ് ഭീം ചിത്രീകരിച്ചിരിക്കുന്നത്. അത് പറയാതിരിക്കാന്‍ കഴിയില്ല. സിനിമക്കും അഭിനയത്തിനും അപ്പുറത്ത് സൂര്യ എന്ന നടന് സമൂഹത്തോടുള്ള പ്രതിബദ്ധത സിനിമയില്‍ നിന്ന് വ്യക്തമാകും. മണികണ്ഠനും ലിജോ മോളും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം തന്നെ വളരെ മികച്ച് നിന്നു. ശക്തമായ സിനിമകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് വീണ്ടും ജയ് ഭീമിലൂടെ തെളിയിച്ചിരിക്കുകയാണ്.' - ഷങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചാണ് ജയ് ഭീം പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഇരുള ഗോത്രവര്‍ക്കാര്‍ക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രം നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.

ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. ലിജോമോള്‍ ജോസ്, പ്രകാശ് രാജ്, രജിഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in