'രുധിര'ത്തിന് ഐ.എഫ്.എഫ്.കെ ഫിലിം മാർക്കറ്റിലും ഗംഭീര പ്രതികരണം

'രുധിര'ത്തിന് ഐ.എഫ്.എഫ്.കെ ഫിലിം മാർക്കറ്റിലും ഗംഭീര പ്രതികരണം
Published on

രാജ് ബി ഷെട്ടി, അപർണാ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐ എഫ് കെ കെ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാർ, അഭിനേതാക്കളായ ആൽഫി പഞ്ഞിക്കാരൻ, സുരഭി സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് പവിത്രം, അനിൽ കുമാർ, പ്രതീഷ് ശേഖർ, ദീപക് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സ്പെഷ്യൽ സ്ക്രീനിംഗ് കണ്ട പ്രേക്ഷകരോട് സംസാരിച്ചു. രാജ് ബി ഷെട്ടിയുടെയും അപർണാ ബാലമുരളിയുടെയും പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജിഷോ ലോണ്‍ ആന്‍റണി സംവിധാനവും രചനയും നിർവഹിച്ച ചിത്രമാണ് രുധിരം.

The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് റിലീസ് ചെയ്തത്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.

സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി 'രുധിര'ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്.രുധിരത്തിലേക്ക് സംവിധായകൻ ജിഷോ തന്നെ വിളിക്കുന്നത് 'ഗരുഡ ഗമന' എന്ന തന്റെ സിനിമ കണ്ടിട്ടാണെന്ന് രാജ് ബി ഷെട്ടി നേരത്തെ പറഞ്ഞിരുന്നു.

"സംവിധായകൻ 'ഗരുഡ ഗമന'യുടെ വലിയ ഫാനാണ്. 'ഗരുഡ ഗമന' കാരണം ഒരുപാടു സിനിമകൾ തനിക്ക് വന്നു. രുധിരം നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിലൂടെ മലയാള സിനിമ എങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാനായി. നല്ല എഴുത്തും കഥാപാത്രങ്ങളുമുള്ള സിനിമയാണ് രുധിരമെന്നും സിനിമയിൽ എല്ലാവരും നന്നായി പെർഫോമ ചെയ്തിട്ടുണ്ടെന്നും" ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു.

'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും ശ്രദ്ധ നേടിയ താരമാണ് രാജ് ബി ഷെട്ടി. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും രാജ് ബി ഷെട്ടി മികച്ച വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ.

Related Stories

No stories found.
logo
The Cue
www.thecue.in