ആന്തോളജി പോലെയുള്ള ഒരു ചിത്രമാണ് 'റോന്ത്' എന്ന് നടൻ റോഷൻ മാത്യു. ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന എഎസ്‌ഐയുടേയും ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രമാണ് റോന്ത്. ഒരു കൺവെൻഷണൽ ഗ്രാഫിൽ കൂടി സഞ്ചരിക്കുന്ന പടമല്ല റോന്ത് എന്ന് പറയുകയാണ് ഇപ്പോൾ നടൻ റോഷൻ മാത്യു. ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രമെന്നും ഒരു ആന്തോളജി പോലെയാണ് സിനിമ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞു. ചിത്രം ജൂണ്‍ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തും.
റോഷൻ മാത്യു പറഞ്ഞത്:
കൺവെൻഷണൽ ഗ്രാഫിൽ കൂടി സഞ്ചരിക്കുന്ന സിനിമയല്ല റോന്ത്. ശരിക്കും പറഞ്ഞാൽ ഒരു ആന്തോളജി പോലെയാണ് ഈ സിനിമ. ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ. ആ സംഭവങ്ങളാണ് ഒരോ സീനിലെയും ഇമോഷനെ ഡ്രൈവ് ചെയ്യുന്നത്. പല പല എരിയയിൽ വന്നു പോകുന്ന പല കാര്യങ്ങളാണ് സിനിമ. ഒരു ജെംസിന്റെ പാക്കറ്റ് പോലെയാണ് അത്. അതെനിക്ക് വളരെ എക്സൈറ്റിംഗ് ആയി തോന്നിയ കാര്യമാണ്. തൊട്ട് മുമ്പ് സംഭവിച്ച കാര്യവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തൊരു മറ്റൊരു സംഭവം. രാത്രി പെട്രോളിംഗിനിടെ ഇറങ്ങുന്ന പോലീസുകാരുടെ ജീവിതം അത്രയും ഡൈനാമിക് ആണ്. ഒരോ വിളി അനുസരിച്ച് അവരുടെ മൂഡ് മാറും.
റോന്തിൽ യോഹന്നാനായി ദിലീഷ് പോത്തനും, ദിന്‍നാഥായി റോഷന്‍ മാത്യുവും ആണ് എത്തുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. മറ്റ് പോലീസ് ചിത്രങ്ങളേക്കാള്‍ റോന്ത് ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥയെന്ന് സംവിധായകന്‍ ഷാഹി കബീര്‍ പറഞ്ഞു. ഈ ചിത്രം ഒരു ത്രില്ലര്‍ അല്ലെന്നും ഇമോഷണല്‍ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.