ഉയിരിലെ കഥാപാത്രവും റോന്തിലെ കഥാപാത്രവും തമ്മിൽ എഴുത്തിൽ യാതൊരു സാമ്യവുമില്ല: റോഷൻ മാത്യു

ഉയിരിലെ കഥാപാത്രവും റോന്തിലെ കഥാപാത്രവും തമ്മിൽ എഴുത്തിൽ യാതൊരു സാമ്യവുമില്ല: റോഷൻ മാത്യു
Published on

റോന്ത്, ഉയിർ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ച് നടൻ റോഷൻ മാത്യു. ഇരു കഥാപാത്രങ്ങളും പോലീസുകാരാണ്. എന്നാൽ അതിനപ്പുറം എഴുത്തിൽ ഇരുകഥാപാത്രങ്ങളും തമ്മിൽ യാതൊരു സാമ്യതകളുമില്ല. അത് മനസ്സിലാക്കി വർക്ക് ചെയ്യുകയായിരുന്നു താൻ എന്ന് റോഷൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.

'റോന്തിലെ ദിനനാഥ് വളരെ വെൽ ഡിഫൈൻഡ് കഥാപാത്രമാണ്. എന്റെ ആദ്യത്തെ പോലീസ് വേഷമായതിനാൽ ഏറ്റവും സത്യസത്യന്ധമായി ആ കഥാപാത്രം ചെയ്യുക എന്നതിനപ്പുറം ഒന്നും തന്നെ ആലോചിക്കേണ്ടി വന്നില്ല. ഈ കഥ വന്നപ്പോഴാണ് ഈ രണ്ടു കഥാപാത്രങ്ങളും പോലീസ് ആണല്ലോ എന്ന ചിന്ത വന്നത്. ആ ചിന്തയിൽ കുറച്ചുനാൾ ഞാൻ കുടുങ്ങി. ഉയിരിലെ കഥാപാത്രവും റോന്തിലെ കഥാപാത്രവും തമ്മിൽ എഴുത്തിൽ യാതൊരു സാമ്യവുമില്ല. ആ കഥാപാത്രങ്ങളെ മനസ്സിലാക്കി വർക്ക് ചെയ്തു കഴിഞ്ഞാൽ അത് ശരിയാകുമെന്ന് മനസ്സിലായി,' റോഷൻ മാത്യു പറഞ്ഞു.

അതേസമയം ഉയിർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.

റോഷനൊപ്പം ബൈജു സന്തോഷ്‌ ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in