'സ്ത്രീകൾ പരിഹസിക്കുമ്പോഴാണ് കൂടുതൽ വിഷമം തോന്നുന്നത്'; ടെലിവിഷൻ ചാനലുകൾ ബോഡി ഷെയിം ചെയ്യുന്നതിനെക്കുറിച്ച് ഹണി റോസ്

'സ്ത്രീകൾ പരിഹസിക്കുമ്പോഴാണ് കൂടുതൽ വിഷമം തോന്നുന്നത്';  ടെലിവിഷൻ ചാനലുകൾ ബോഡി ഷെയിം ചെയ്യുന്നതിനെക്കുറിച്ച് ഹണി റോസ്

സ്ത്രീകൾ തന്റെ ശരീരത്തെക്കുറിച്ച് പരിഹസിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ വിഷമം എന്ന് നടി ഹണി റോസ്. ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്രോളുകളെല്ലാം താൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഒരു പരിധി വിട്ടു കഴിഞ്ഞാൽ എല്ലാം ബാധിച്ചു തുടങ്ങും അതിഭീകരമായ വിധത്തിൽ താൻ ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്നും ഒരാളുടെ ശരീരത്തെക്കുറിച്ച് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ലെന്നും ഹണി റോസ് പറയുന്നു. ടെലിവിഷൻ ചാനലുകളിലെ കോമ‍ഡി പ്രോഗ്രാമുകളിൽ തനിക്ക് നേരെ നടക്കുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ചും ഹണി റോസ് പ്രതികരിച്ചു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം.

എനിക്കിപ്പോഴും സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്. ഇവിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകൂട്ടി ചോദിക്കുന്നു. ഹണി റോസ് മുന്നിൽ കൂടി പോയാൽ എന്ത് തോന്നും? ഇത് ചോദിച്ച് ആ പെൺകുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. 'എന്ത് തോന്നാൻ, ഒന്നും തോന്നില്ലല്ലോ' എന്നു പറഞ്ഞ് ആ നടൻ അത് മാന്യമായി കൈകാര്യം ചെയ്തു.

ഹണി റോസ്

പക്ഷേ ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അതെനിക്കു ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവർ തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി ഇവർ എന്നെ അഭിമുഖത്തിനായി വിളിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം 'ബോഡി ഷെയ്മിങ് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ? എന്നായിരിക്കുമെന്നും ഹണി റോസ് പറഞ്ഞു. മറ്റൊരു ചാനലിൽ ഇതുപോലെ പ്രശസ്തനായ ഒരു കൊമേഡിയൻ പറയുന്നു. 'ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും' എന്ന്. ഇത്രയും മോശം അവസ്ഥയാണ്. അതിനു ചാനലുകൾ അംഗീകാരം കൊടുക്കുന്നു എന്നത് അതിലും പരിതാപകരമാണ്. ഒരു സ്ത്രീശരീരത്തെപ്പറ്റിയാണ് ഇങ്ങനെ കോമഡി പറയുന്നത്. ഇപ്പോൾ ഞാനതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണു പതിവെന്നും 'ഹണി റോസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in