
ചെന്നൈ: തമിഴ് നടൻ റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
തമിഴ് സിനിമാലോകത്ത് നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ, കാർത്തി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ വൈക്ര്തികമായ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ളവർ റോബോ ശങ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി.
ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ ശങ്കറിന് യന്ത്രമനുഷ്യൻ അനുകരിച്ചാണ് റോബോ ശങ്കർ എന്ന പേര് ലഭിച്ചത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് റോബോ ശങ്കർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മാരി, പുലി, സിങ്കം 3, വിശ്വാസം, തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.