'ഋഷഭ് ഷെട്ടിക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം, മികച്ച സിനിമ എൻഡ്ലെസ് ബോർഡേഴ്സ്' ; 54 -ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് സമാപനം

'ഋഷഭ് ഷെട്ടിക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം, മികച്ച സിനിമ എൻഡ്ലെസ് ബോർഡേഴ്സ്' ; 54 -ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് സമാപനം
Published on

54 -ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം സ്വന്തമാക്കി അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം 'എൻഡ്ലെസ് ബോർഡേഴ്സ്'. ചിത്രത്തിലെ അഭിനയത്തിന് പൗറിയ റഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'പാർട്ടി ഓഫ് ഫൂൾസ്'ലെ അഭിനയത്തിന് മെലാനി തിയറി മികച്ച നടിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം പുരസ്‌ക്കാരം പ്രശസ്ത അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സമ്മാനിച്ചു.

മികച്ച സംവിധായകനുള്ള രജത മയൂരം ബ്ലാഗാസ് ലെസൻസിലൂടെ സ്റ്റീഫൻ കോമന്ദരേവ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനായി 'വെൻ ദ സീഡിലിങ് ഗ്രോ'യിലൂടെ റീജർ ആസാദ് തിരഞ്ഞെടുക്കപ്പെട്ടു. 'കാന്താര' യിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരത്തിനും അർഹനായി. ഇന്ത്യയില്‍ നിര്‍മിച്ച മികച്ച ഒടിടി സീരിസിനുള്ള പുരസ്ക്കാരം 'പഞ്ചായത്ത് സീസൺ 2' സ്വന്തമാക്കി. മികച്ച വെബ് സീരിസിന് പത്തുലക്ഷം രൂപയാണ് പുരസ്‌ക്കാരമായി ലഭിക്കുക. ഐസിഎഫ്ടി യുനസ്‌കോ ഗാന്ധി മെഡൽ അവാർഡ് ആന്തണി ചെൻ സംവിധാനം ചെയ്ത 'ഡ്രിഫ്റ്റ്' സ്വന്തമാക്കി.

25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടെ 270 അന്താരാഷ്ട്ര, ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിച്ചതിന് ശേഷം ചൊവ്വാഴ്ചയാണ് 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) ഗോവയിൽ സമാപിച്ചത്. റോബർട്ട് കൊളോഡ്നി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ 'ദ ഫെതർവെയ്റ്റ്' ആയിരുന്നു മേളയുടെ സമാപന ചിത്രം. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മൂന്ന് ഇൻഡ്യൻ ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകളായിരുന്നു മത്സരിച്ചത്. ഇന്ത്യൻ ചലച്ചിത്രകാരനും നടനുമായ ശേഖർ കപൂർ, സ്പാനിഷ് ഛായാഗ്രാഹകൻ ജോസ് ലൂയിസ് അൽകെയ്ൻ, മാർച്ചെ ഡു കാനിന്റെ മുൻ മേധാവി ജെറോം പൈലാർഡ്, ഫ്രാൻസിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാവ് കാതറിൻ ഡസാർട്ട്, ഹെലൻ എന്നിവരായിരുന്നു മത്സര വിഭാഗത്തിലെ ജൂറി പാനലിൽ ഉണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in