ഓസ്‌കാറിൽ ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത് ഫയർ'; സംവിധാനം മലയാളി റിന്റു തോമസ്

ഓസ്‌കാറിൽ ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത് ഫയർ'; സംവിധാനം മലയാളി റിന്റു തോമസ്

ഓസ്കാറിൽ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ ഇന്ത്യൻ ഡോക്യൂമെന്ററി റൈറ്റിംഗ് വിത്ത് ഫയർ നോമിനേഷൻ നേടി. മലയാളി സംവിധായിക റിന്റു തോമസിന്റെയും സുഷ്മിത് ഘോഷിന്റെയും ഡോക്യുമെന്ററിക്കാണ് ഓസ്കാർ നോമിനേഷൻ ലഭിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ നിർമ്മാതാക്കളാണ് ഇരുവരും. ബെസ്റ്റ് ഡോക്യുമെന്ററി വിഭാഗത്തിൽ തൊണ്ണൂറ്റിനാലാമത് അക്കാദമി പുരസ്‌കാരത്തിനായി മത്സരിക്കുന്ന അവസാന അഞ്ചു ചിത്രങ്ങളുടെ പട്ടികയിലാണ് 'റൈറ്റിംഗ് വിത്ത് ഫയർ' ഇടം നേടിയത്.

ബുന്ദേൽഖണ്ഡ് എന്ന പ്രദേശത്തു ഒരു ദളിത് പെൺകുട്ടി നടത്തുന്ന “ഖബർ ലഹാരിയ” എന്ന പത്രത്തിന്റെ അച്ചടിയിൽ നിന്നും ഡിജിറ്റലിലേക്കുള്ള പരിവർത്തനത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി കഴിഞ്ഞ ജനുവരിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയിരുന്നു. കൂടാതെ മറ്റു 28ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളും ചിത്രം നേടി.

അന്തിമ പട്ടികയിൽ നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത ചിത്രമാണ് 'റൈറ്റിംഗ് വിത്ത് ഫയർ'. കോവിഡ് 19 മൂലം വേദി മാറ്റിവെച്ച അക്കാദമി അവാർഡ് ചടങ്ങുകൾ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിൽ വെച്ച് മാർച്ച് 27ന് നടത്തപ്പെടും.

ചൈനീസ് സ്വപ്നങ്ങളുടെ കഥ പറയുന്ന ചൈനീസ് അമേരിക്കൻ ഫിലിം മേക്കർ ജെസീക്ക കിങ്സ്ടൺ നിർമിച്ച 'അസെൻഷൻ', ന്യൂയോർക്കിലെ ആറ്റിക്ക ജയിലിൽ 1971ൽ നടന്ന കലാപം ആസ്പദമാക്കി ട്രാക്കി എ കറിയും സ്റ്റാൻലി നെൽസൺ ജൂനിയറും ചേർന്ന് നിർമ്മിച്ച ‘ആറ്റിക്ക’ , ജോനാസ് പൊഹർ റാസ്മുസ്സെന്റെ ഡാനിഷ് ആനിമേറ്റഡ് അഫ്ഘാൻ അഭയാർത്ഥി ചിത്രം 'ഫ്‌ളീ', ക്വസ്റ്റ്ലവ്വിന്റെ 'സമ്മർ ഓഫ് ദി സോൾ'(..ഓർ, വെൻ ദി റെവല്യൂഷൻ കുഡ് നോട്ട് ബി ടെലിവൈസ്ഡ്) എന്നിവയാണ് പട്ടികയിലുള്ള മറ്റു നാല് ചിത്രങ്ങൾ.

റിന്റു തോമസും സുഷ്മിത് ഘോഷും തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും, സംവിധാനവും, നിർമ്മാണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സുഷ്മിത് ഘോഷും കരൺ താപ്ലിയാലുമാണ് ഛായാഗ്രാഹകർ.

"ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ത്യൻ സിനിമക്കും ഞങ്ങൾക്കും വളരെ ബൃഹത്തായ നിമിഷമാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ ഡോക്യുമെന്ററി അക്കാദമി അവാർഡിന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെടുന്നത്, അതുകൊണ്ട് തന്നെ ഇതൊരു ചരിത്രമാണ്. നിർഭയരായ ദളിത് വനിതാ പത്രപ്രവർത്തകർ എന്താണ് ശക്തി എന്നതിനെ പുനർനിർവചിക്കുന്നതാണ്, അതായത് ആധുനിക ഇന്ത്യൻ സ്ത്രീകളുടെ തന്നെ കഥയാണ് ചിത്രം സംസാരിക്കുന്നത്."എന്ന് ഘോഷ് ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

ഇതാദ്യമായല്ല ഒരു ഇന്ത്യൻ പെൺകുട്ടിയുടെ കഥ അക്കാദമി പുരസ്‌കാര ചടങ്ങിൽ തിരഞ്ഞെടുക്കപ്പെടുന്നത്. 2019ൽ ഇറാനിയൻ അമേരിക്കൻ ഫിലിം മേക്കർ റെയ്ക്ക സെഹ്‌താബ്‌ച്ചിയുടെ 'പീരീഡ്- എൻഡ് ഓഫ് സെന്റൻസ്' എന്ന ഡോക്യൂമെന്ററിക്ക് ഷോർട് സബ്ജക്ട് വിഭാഗത്തിൽ അവാർഡ് നേടിയിരുന്നു. ഇന്ത്യൻ നിർമ്മാതാവ് ഗുണീത് മോങ്കയായിരുന്നു ഡോക്യൂമെന്ററിയുടെ കോ-പ്രൊഡ്യൂസർ. അമേരിക്കൻ ഡോക്യുമെന്ററി നിർമ്മാതാവ് മേഗൻ മൈലാന്റെ ഹിന്ദി-ഭോജ്പുരി ഡോക്യുമെന്ററി സ്‌മൈൽ പിങ്കി 2009ൽ ബെസ്റ്റ് ഡോക്യുമെന്ററി (ഷോർട് സബ്ജക്ട്) വിഭാഗത്തിലും മുമ്പ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in