നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും തരുന്ന ഉടുപ്പുകളിടുക, സമൂഹത്തെയോർത്ത് ആശങ്കപ്പെടാൻ മാത്രമുള്ള നീളം ഈ ജീവിതത്തിനില്ല: റിമ കല്ലിങ്കൽ

നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും തരുന്ന ഉടുപ്പുകളിടുക, സമൂഹത്തെയോർത്ത് ആശങ്കപ്പെടാൻ മാത്രമുള്ള നീളം ഈ ജീവിതത്തിനില്ല: റിമ കല്ലിങ്കൽ
Published on

തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് നടി ഹണി റോസിന്റെ പരാതയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റ് പങ്കുവച്ച് നടി റിമ കല്ലിങ്കൽ. സ്ത്രീകൾ ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന, ആത്മവിശ്വാസവും സന്തോഷവും തരുന്ന വസ്ത്രം ധരിച്ചാൽ മതിയെന്നും നമ്മുടെ വസ്ത്രത്തെയോർത്ത് സമൂഹം എന്തു ചിന്തിക്കുന്നുവെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും റിമ കല്ലിങ്കൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

റിമ കല്ലിങ്കലിന്റെ പോസ്റ്റ്:

പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.

ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ ഹണി റോസിന്റെ വസ്ത്രധാരണത്തെ രാഹുൽ ഈശ്വർ ​വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഈശ്വറിന് ഹണി റോസ് മറുപടി നൽകുകയും ചെയ്തിരുന്നു. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ്‌ തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറഞ്ഞു. എപ്പോഴെങ്കിലും രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നും പോസ്റ്റിൽ ഹണി റോസ് കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുമ്പാണ് ദ്വയാർത്ഥ പ്രയോ​ഗത്തിലൂടെ ഒരു പ്രമുഖ വ്യക്തി തന്നെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ് തുറന്നു പറഞ്ഞത്. പിന്നാലെയുള്ള പോസ്റ്റിലെ വ്യക്തി വ്യവസായിയായ ബോബി ചെമ്മണ്ണൂരാണെന്നും ഹണി റോസ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഹണി റോസിന്റെ പരാതിക്ക് പിന്നാലെ ബുധനാഴ്ച രാവിലെ ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കു നേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മയും ഡബ്ല്യുസിസിയും ഫെഫ്കയും രം​ഗത്ത് എത്തിയിരുന്നു. നിരവധി അഭിനേതാക്കളും ഹണി റോസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in