വലതുപക്ഷ സംഘടനകള്‍ക്ക് കവിതയുടെ അര്‍ത്ഥം മനസിലാവില്ല ; സഹസംവിധായകന്റെ അറസ്റ്റില്‍ പാ രഞ്ജിത്

വലതുപക്ഷ സംഘടനകള്‍ക്ക് കവിതയുടെ അര്‍ത്ഥം മനസിലാവില്ല ; സഹസംവിധായകന്റെ അറസ്റ്റില്‍ പാ രഞ്ജിത്

കവിതയിലൂടെ ഹിന്ദു മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ചു സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ ഹിന്ദു മുന്നണിയുടെ പരാതിയില്‍ കവി വിടുതലൈ സിഗപ്പിയെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പാ. രഞ്ജിത്. തന്റെ സഹസംവിധായകന്‍ കൂടിയായ സിഗപ്പിയെ അറസ്റ്റ് ചെയ്തത് തമിഴ്‌നാട് പോലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് പാ.രഞ്ജിത് ട്വിറ്ററില്‍ കുറിച്ചു.

പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയായ വാനം ആര്‍ട്സ് ഫെസ്റ്റിവലിന്റെ ചടങ്ങില്‍വെച്ചാണ് സിഗപ്പി താനെഴുതിയ മലക്കുഴി മരണം എന്ന കവിത ആലപിച്ചത്. ആക്ഷേപഹാസ്യ രൂപേണയുള്ള കവിതയില്‍ ദൈവങ്ങളും കഥാപാത്രമാകുന്നുണ്ട്. രാമനും ലക്ഷ്മണനും ഹനുമാനും സീതയും മാന്‍ഹോളില്‍ ഇറങ്ങുന്നതാണ് കവിതയില്‍ പറയുന്നത്. ഇതാണ് ഭാരതീയ ഹിന്ദു മുന്നണിയെ ചൊടിപ്പിച്ചത്. തോട്ടിപ്പണി മൂലം ഇന്ത്യയിലുടനീളം സംഭവിച്ച മരണങ്ങളെ അപലപിക്കുകയാണ് കവിതയില്‍ ചെയ്തതെന്ന് പാ രഞ്ജിത് പറഞ്ഞു. മാന്‍ഹോളുകളില്‍ ദൈവങ്ങള്‍ ഇറങ്ങി ജോലി ചെയ്താലും ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് പറയുന്ന കവിതയാണ് ഡോ. ബി.ആര്‍. അംബേദ്കറുടെ പാത പിന്തുടരുന്ന വിടുതലൈ സിഗപ്പി ആലപിച്ചത്. വലതുപക്ഷ സംഘടനകള്‍ക്ക് ഈ കവിതയുടെ സന്ദര്‍ഭമോ അര്‍ത്ഥമോ മനസിലാവില്ലെന്നും പാ. രഞ്ജിത്ത് പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് ഒരു വ്യക്തിയുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഒരു മത സംഘര്‍ഷമാക്കി മാറ്റുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി വിടുതലൈ സിഗപ്പിയെ ഈ ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയിരുന്നു, ഗ്രാമത്തില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരുകയാണെന്നും പാ.രഞ്ജിത്ത് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in