
മലയാളത്തിന് മുൻപരിചയമില്ലാത്ത ആക്ഷൻ എന്റർടെയിനറെന്ന നിലക്കാണ് ആഷിക് അബുവിന്റെ റൈഫിൾ ക്ലബ് പ്രേക്ഷക സ്വീകാര്യത നേടിയത്. ത്രൂ ഔട്ട് ആക്ഷൻ സീക്വന‍്‍സുകളും ഗൺ ഫൈറ്റും നിറഞ്ഞ വയനാട് ബത്തേരിയിലെ ഒരു റൈഫിൾ ക്ലബിന്റെ കഥ പറഞ്ഞചിത്രത്തിൽ ദയാനന്ദ് എന്ന മംഗലാപുരത്തുകാരൻ അധോലോക നായകനെ അവതരിപ്പിച്ചത് സംവിധായകൻ അനുരാഗ് കശ്യപാണ്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അനുരാഗ് കശ്യപ് ഇട്ട കമന്റിൽ നിന്നാണ് ഈ വില്ലനിലേക്കുള്ള വരവ്.
ആഷിക് അബു അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച്
സിനിമയുടെ കാസ്റ്റിങ് കോളിന്റെ പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ ഇട്ടപ്പോൾ ഹിന്ദിയിൽനിന്ന് ഒരു അതിഥിവേഷം തരാൻ തയ്യാറാണെന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്‌തു. അനുരാഗ് തമാശയായി പറഞ്ഞതാണെങ്കിലും ഞാനത് കാര്യമായി എടുത്തു. ഫോൺ വിളിച്ചു, അപ്പോൾ അനുരാഗിനും അത് കാര്യമായി എടുക്കേണ്ടി വന്നു–- സിനിമയിൽ അഭിനയിച്ചു.
സിനിമയുടെ തിരക്കഥ എഴുതിയവരിൽ ഒരാളായ ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ‘ലൗലി’യുടെ ചിത്രീകരണത്തിനിടെയാണ് റൈഫിൾ ക്ലബ് എന്ന സിനിമയുടെ ആശയം ലഭിച്ചതെന്നും ആഷിക് അബു. ദേശാഭിമാനി അഭിമുഖത്തിലാണ് പ്രതികരണം. ആഷിക് പറയുന്നത് ഇങ്ങനെ
-ലൗലിയുടെ കാമറ ഞാനാണ് ചെയ്‌തിട്ടുള്ളത്. അതിന്റെ ഷൂട്ടിങ് നടക്കുന്നത് മുട്ടം റൈഫിൾ ക്ലബ്ബിനു സമീപമാണ്. അങ്ങനെ ആ സമയത്ത് കിട്ടിയ ആശയമാണ് സിനിമയുടേത്. അത് ദിലീഷിനോട് പറഞ്ഞു. അതിലേക്ക് സുഹാസുകൂടി എത്തി. ഏറ്റവും അവസാനം എഴുത്തിൽ ഭാഗമായ ആളാണ് ശ്യാം പുഷ്‌കരൻ. അവർ മൂന്നു പേർക്കും അവരുടെ സ്ഥിരം രീതിയിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നാണ് മനസ്സിലായത്. പുതുമയുള്ള ഒരു പരിശ്രമമാണ്.
നാരദൻ, നീലവെളിച്ചം എന്നീ സിനിമകളുടെ തുടർപരാജയത്തിലൂടെ ആഷിക് അബുവിന് സംവിധായകൻ എന്ന നിലയ്ക്ക് നേരിടേണ്ടി വന്ന പ്രതീക്ഷാ നഷ്ടത്തെ പരിഹരിക്കുന്ന ചിത്രമായി റൈഫിൾ ക്ലബ്. മുൻനിര താരങ്ങളൊന്നുമില്ലാതെ പവർ പാക്ക്ഡ് പെർഫെർമോൻസിനൊപ്പം തിയറ്ററിൽ പ്രേക്ഷകരെ കൂട്ടുകയാണ് റൈഫിൾ ക്ലബ്. ഡിസംബർ 19ന് റിലീസ് ചെയ്ത റൈഫിൾ ക്ലബ് വാരാന്ത്യ കളക്ഷന് പിന്നാലെ തൊട്ടടുത്ത തിങ്കളാഴ്ച ഒരു കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷനായി നേടിയതായി ട്രേഡ് അനലിസ്റ്റുകൾ.