

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമിയാണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം റസൂൽ പൂക്കുട്ടി പറഞ്ഞു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് കരുതുന്നതെന്നും റസൂൽ പൂക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നത്. അത് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ഐഎഫ്എഫ്കെയുടെ സമയം താൻ ലണ്ടനിലായിരിക്കുമെന്നും ഒരു സിനിമയുടെ പ്രോജക്ടിൽ നേരത്തെ ഒപ്പിട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. പ്രേംകുമാറിനെ വിളിക്കാൻ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുക്കു പരമേശ്വരനാണ് പുതിയ സമിതിയുടെ വൈസ് ചെയര്‍പേഴ്സണ്‍. അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.