അന്ന് സംവിധായകന്‍, ഇന്ന് നായകന്‍;  ജയരാജിന്റെ ‘രൗദ്ര’ത്തില്‍ കേന്ദ്ര കഥാപാത്രമായി രഞ്ജി പണിക്കര്‍

അന്ന് സംവിധായകന്‍, ഇന്ന് നായകന്‍; ജയരാജിന്റെ ‘രൗദ്ര’ത്തില്‍ കേന്ദ്ര കഥാപാത്രമായി രഞ്ജി പണിക്കര്‍

മലയാളത്തില്‍ രൗദ്രം എന്ന പേരില്‍ 2008ല്‍ ഒരു ചിത്രം ഒരുങ്ങിയപ്പോള്‍ രഞ്ജി പണിക്കരായിരുന്നു സംവിധായകന്‍. പതിനൊന്ന് വര്‍ഷത്തിന് ശേഷം അതേ പേരില്‍ വീണ്ടും ഒരു സിനിമ ഒരുങ്ങുമ്പോള്‍ കേന്ദ്ര കഥാപാത്രമായിട്ടാണ് അദ്ദേഹമെത്തുന്നത്. മഹാപ്രളയത്തെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രഞ്ജി പണിക്കര്‍ നായകവേഷത്തിലെത്തുന്നത്.

2018ല്‍ കേരളം കണ്ട് പ്രകൃതിയുടെ രൗദ്രഭാവവും മനുഷ്യന്റെ അതിജീവനവും പ്രമേയമാക്കിയ ചിത്രത്തിന് രൗദ്രം 2018 എന്നാണ് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ നവരസപരമ്പരയിലെ ഏഴാമത് ചിത്രം കൂടിയായാണ് രൗദ്രം 2018. പരമ്പരയിലെ ആറാമത് ചിത്രമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭയാനകത്തിലും നായകന്‍ രഞ്ജി പണിക്കരായിരുന്നു. ചിത്രത്തിന് മാഡ്രിഡ് ഇമാജിന്‍ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഫാന്‍ പോസ്റ്റര്‍ 
ചിത്രത്തിന്റെ ഫാന്‍ പോസ്റ്റര്‍ 

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മിക്കുന്നത്. കെപിഎസി ലീല, സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂര്‍ (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന്‍ (മേക്ക്-അപ്പ്), സുലൈമാന്‍ (കോസ്റ്റിയൂം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്‌സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍),മ.മി.ജോ. (ഡിസൈന്‍) എന്നിവര്‍ അണിയറയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in